NEWS

അങ്കമാലി-എരുമേലി ശബരിമല റെയിൽപ്പാതയ്ക്ക് വീണ്ടും പച്ചക്കൊടി

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാവുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിക്കുകയും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും വഴിതുറന്നത്.
 
 
അടിസ്ഥാന സൗകര്യ-ഗതാഗത പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രി-ഗതിശക്തി മിഷനില്‍ ഉള്‍പ്പെടുത്തിയാവും നിര്‍മ്മാണം.സംസ്ഥാന-റെയില്‍വേ സംയുക്ത കമ്ബനിയായ കേരളാ റെയില്‍വേ വികസന കോര്‍പറേഷന് (കെ-റെയില്‍) നിര്‍മ്മാണ ചുമതല നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് പ്രാഥമിക തീരുമാനമെടുത്തിട്ടുണ്ട്.ചെലവിന്റെ പകുതി വഹിക്കാമെന്നും, നിര്‍മ്മാണം കെ-റെയിലിനെ ഏല്‍പ്പിക്കണമെന്നും സംസ്ഥാന മന്ത്രിസഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതേത്തുടർന്ന് റെയില്‍വേയുടെ നിര്‍ദ്ദേശ പ്രകാരം, കെ-റെയില്‍ തയ്യാറാക്കിയ 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാന്‍സ് വിഭാഗം അംഗീകരിച്ച്‌ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി.പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയില്‍ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ഉറപ്പു നല്‍കിയിരുന്നു.ഇപ്പോൾ ഈ പദ്ധതി പ്രധാനമന്ത്രി-ഗതിശക്തി മിഷനില്‍ ഉള്‍പ്പെടുത്തിയതോടെ ഏറെക്കുറെ നടക്കുമെന്ന് ഉറപ്പായിരിക്കയാണ്.

Back to top button
error: