ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയ ഫോര്‍ഡിന്റെ ഗുജറാത്തിലെ സനന്തിലുള്ള നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിന്റെഭാഗമായി ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎല്‍) യുഎസ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്ഐപിഎല്‍) ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ധാരണാപത്രമനുസരിച്ച് ഭൂമി, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവയെല്ലാം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഏറ്റെടുക്കും. ഈ ധാരണാപത്രത്തെ തുടര്‍ന്ന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിപിഇഎംഎല്ലും എഫ്ഐപിഎല്ലും തമ്മിലുള്ള ഇടപാട് കരാറുകളില്‍ ഒപ്പുവെക്കും. എന്നിരുന്നാലും ടിപിഇഎംഎല്‍ പവര്‍ട്രെയിന്‍ യൂണിറ്റിന്റെ സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് ഫോര്‍ഡ് ഇന്ത്യ അതിന്റെ പവര്‍ട്രെയിന്‍ നിര്‍മാണ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. അതേസമയം, പ്ലാന്റ് ഏറ്റെടുത്താല്‍ പുതിയ മെഷിനറികളിലും ഉപകരണങ്ങളും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് വെഹിക്കിള്‍ ഒരുക്കമെന്നാണ് സൂചന. ഇതിന് പുറമെ പ്ലാന്റിന്റെ നിര്‍മാണശേഷി 300,000 യൂണിറ്റാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.
ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ വര്‍ഷമാണ് ഫോര്‍ഡ് പ്രഖ്യാപിച്ചത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ സനന്തിലെ പ്ലാന്റില്‍ യാതൊരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. വന്‍കിട പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികളും പ്രതിസന്ധികളും പരിഹരിക്കാന്‍ സംസ്ഥാനത്ത് ഉന്നതതല സമിതിയെ 2018ല്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് ടാറ്റ മോട്ടോര്‍സും ഫോര്‍ഡ് കമ്പനിയും പ്ലാന്റ് കൈമാറ്റത്തിനുള്ള അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതി ആദ്യഘട്ടം മാത്രമാണ്. പ്ലാന്റ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇനി ഇരു കമ്പനികളും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്.