NEWSWorld

ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് യുഎസ്എ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാവുന്നതിന്റെ സൂചനയായി ആണ് വ്യാപാര രംഗത്തെ വളര്‍ച്ച വിലയിരുത്തപ്പെടുന്നത്.

2021-22 കാലയളവില്‍ ഇന്ത്യയും യുഎസും ചേര്‍ന്ന് 119.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. മൂന്‍വര്‍ഷം ഇത് 80.51 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ 76.11 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റി അയച്ചപ്പോള്‍ 43.31 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കയറ്റുമതിയും ഇറക്കുമതിയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 24.49, 14.31 ബില്യണ്‍ ഡോളര്‍ വീതം വര്‍ധിച്ചു.

Signature-ad

ഇക്കാലയളവില്‍ ചൈനയും ഇന്ത്യയുമായി 115.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. മുന്‍വര്‍ഷം ഇത് 86.4 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 2021-22 കാലയളവില്‍ ചൈനയിലേക്കുള്ള കയറ്റുമതി വെറും 0.07 വര്‍ധിച്ച് 21.25 ബില്യണ്‍ ഡോളറിലെത്തി. അതേ സമയം ഇറക്കുമതി 28.95 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 94.16 ബില്യണായി.

ചൈനയുമായുള്ള വ്യാപാര വിടവ് (ഇറക്കുമതി-കയറ്റുമതി) 44 ബില്യണ്‍ ഡോളറില്‍ നിന്ന് 72.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അമേരിക്കയുമായി 32.8 ബില്യണിന്റെ വ്യാപാര മിച്ചമുള്ള സ്ഥാനത്താണിത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി അടുത്തകാലത്തൊന്നും കുറയില്ല എന്നാണ് വിലയിരുത്തല്‍. കോവിഡിന് ശേഷം ഉല്‍പ്പാദനം പൂര്‍ണതോതില്‍ ആയതും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡും ഇറക്കുമതി കൂടാന്‍ കാരണമായി. 2017ല്‍ ചൈനയുമായുള്ള ഇടപാടില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 51.8 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

യുഎഇ ആണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. 72.9 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. സൗദി അറേബ്യ (42.85 ബില്യണ്‍ ഡോളര്‍), ഇറാഖ് (34.33 ബില്യണ്‍ ഡോളര്‍), സിംഗപ്പൂര്‍ (30 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പിന്നാലെ.

Back to top button
error: