BusinessTRENDING

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 39,000 കോടി രൂപ പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 39,000 കോടി രൂപ. യുഎസില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുയര്‍ത്തിയതും ബോണ്ടില്‍നിന്നുള്ള വരുമാനവും ഡോളറിന്റെ മൂല്യവും കൂടിയതുമാണ് ഇതിനു കാരണം. ഇതോടെ, 2022ല്‍ ഇതുവരെ ഓഹരികളില്‍നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മൊത്തം പിന്‍വലിച്ച തുക 1.66 ലക്ഷം കോടി രൂപയായി.

ഇതേ കാലയളവില്‍ കടപ്പത്ര വിപണിയില്‍നിന്ന് 6000 കോടി രൂപയാണ് പിന്‍വലിച്ചത്. ഉയര്‍ന്ന അസംസ്‌കൃത എണ്ണ വില, പണപ്പെരുപ്പം, കടുത്ത പണ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ വരവില്‍ അസ്ഥിരത തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. വിപണികളിലെ തിരുത്തല്‍ കാരണം ഏപ്രില്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 7,707 കോടി രൂപ ഓഹരിയില്‍ ഇറക്കിയിരുന്നു. എന്നാല്‍, മേയ് രണ്ടു മുതല്‍ 27 വരെ 39,137 കോടി രൂപയുടെ ഓഹരിയാണ് വിറ്റൊഴിവാക്കിയത്.

Back to top button
error: