മേപ്പാടി : വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറിൽ നിന്നും ഓൺലൈൻ വഴി വിദേശത്തെക്ക് ടൂർ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ഗോവൻ സ്വദേശിയായ പ്രതിയെ ഗോവയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ ജിജീഷ് പി.കെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
നോർത്ത് ഗോവയിലെ അൽഡോണ സ്വദേശിയായ ദീപക് ഹാൽദങ്കർ (27) ആണ് അൽഡോണയിൽ നിന്നും പിടിയിലായത്. 2020 ഫെബ്രുവരിയിൽ ഡി.എ.ഇ ലൈവ് എന്ന സ്ഥാപനത്തിന്റെ പ്രധിനിധിയെന്ന് പരിചയപെടുത്തിയാണ് പ്രതി ഡോക്ടർക്ക് വിദേശത്തേക്ക് ടൂർ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ ക്രെഡിറ്റ് കാർഡിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തത്.
മേപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവി വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി കൈമാറുകയും തുടർന്ന് പണം കൈമാറിയ ഗേറ്റ് വേയിൽ നിന്നും ലഭിച്ച സൂചനയിൽ നിന്നും പ്രതി ഗോവയിലാണ് എന്ന് മനസിലായി. വയനാട് സൈബർ പോലീസ് ഗോവയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോലീസ് സംഘത്തിൽ എ.എസ്.ഐ ജോയിസ് ജോൺ,എസ്.സി പി ഒ സലാം എന്നിവരും ഉണ്ടായിരുന്നു.