IndiaNEWS

മോദി സർക്കാരിന് 8 വയസ്; 2024 ലക്ഷ്യമിട്ട് ബിജെപി, മോദി തന്നെ നായകൻ? ഗ്രാമ നഗര വ്യത്യാസമില്ലാതെ മഹാസമ്പർക്കം

ദില്ലി: മോദി ഭരണത്തിന് ഇന്ന് 8 വയസ് തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും മോദിതന്നെ നായകനെന്ന സന്ദേശമാണ് ആഘോഷ പരിപാടികളിലൂടെ ബിജെപി നല്‍കുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ചകാലം രാജ്യത്തിന്‍റെ മുക്കിലും മൂലയിലും മോദി ഭരണത്തിന്‍റെ നേട്ടങ്ങൾ ചർച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രമന്ത്രിമാർ മുതല്‍ പ്രാദേശിക നേതാക്കൾ വരെ ചുരുങ്ങിയത് എഴുപത്തഞ്ച് മണിക്കൂർ ജനങ്ങൾക്കിടയില്‍ പ്രചാരണത്തിലേർപ്പെടും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പ് വിതരണം ഇന്ന് മോദി നിർവഹിക്കും. നാളെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ റോഡ്ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ മുതല്‍ കേന്ദ്രമന്ത്രിമാരുടെ പടയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തുക. കേരളത്തില്‍ തിരുവനന്തപുരം ട്യൂബർ ക്രോപ്സ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കെടുക്കും.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈവിട്ട 140 സീറ്റുകളാണ് ഇത്തവണ പ്രത്യേകം ശ്രദ്ധ വയക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേട്ടം കൊയ്യാന്‍ വിപുലമായ പദ്ദതികളാണ് ദില്ലിയില്‍ തയാറായിരിക്കുന്നത്. മിഷന്‍ വൺഫോർട്ടിയുമായി മുന്നോട്ട് പോകുമ്പോഴും വിലക്കയറ്റം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. അതേസമയം മോദി മാത്രമാണ് നായകനെന്ന സന്ദേശം ജനങ്ങളിലേക്ക് ഊട്ടിയുറപ്പിക്കുകയാണ് ഓരോ പരിപാടിയുടെയും ലക്ഷ്യം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ക്ക് എട്ടാം വാർഷിക ആഘോഷങ്ങൾ തുടക്കമിടുകയാണെന്ന് സാരം.

Signature-ad

അതേസമയം കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കടക്കമാണ് സഹായം ലഭിക്കുക. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും. രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. പലിശ പി.എം. കെയേഴ്‌സില്‍ നിന്നും അടയ്ക്കും.

Back to top button
error: