NEWS

പി സി ജോർജ്ജിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ

ന്യൂഡൽഹി: മുന്‍ കേരള ചീഫ് വിപ്പും എം.എല്‍.എയുമായിരുന്ന പി.സി ജോര്‍ജിന് കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കാന്‍ നീക്കം.വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പി.സി ജോര്‍ജ് വലിയ തോതില്‍ ഭീഷണി നേരിടുന്നുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പാടാക്കാന്‍ ഉദ്ദേശിക്കുന്നത്.
മുന്‍പ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സി.ആര്‍.പി.എഫ് സുരക്ഷയാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നത്.പി.സി ജോര്‍ജിന് കൂടുതല്‍ ശക്തമായ സുരക്ഷ ലഭിക്കാനാണ് സാധ്യത.പി.സി ജോര്‍ജിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നതാണ് സംഘപരിവാര്‍ സംഘടനകളുടെയും നിലപാട്.
സംഘപരിവാര്‍ സംഘടനകള്‍ ഇത്രകാലം പറഞ്ഞു നടന്നത്, പി.സി ജോര്‍ജ് ഒറ്റതവണ പറഞ്ഞതോടെ തന്നെ വലിയ തരത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.വിവാദ പരാമര്‍ശത്തിന്റെ പേരിലെ കേസും അറസ്റ്റുമെല്ലാം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ജോര്‍ജിനെ ഹീറോയാക്കി പരിവാര്‍ സംഘടനകള്‍ ആഘോഷിക്കുന്നതും വ്യക്തമായ കണക്കു കൂട്ടലില്‍ തന്നെയാണ്. ഇത്തവണ കാല്‍ലക്ഷത്തില്‍ അധികം വോട്ട് പിടിക്കുമെന്നു പറഞ്ഞ ബി.ജെ.പി ഇപ്പോള്‍ പറയുന്നത് അട്ടിമറി വിജയം തന്നെ നേടുമെന്നതാണ്.
ഉപതിരഞ്ഞെടുപ്പ് പ്രചരണ സമാപനത്തില്‍ പി.സി ജോര്‍ജിനെ ഇറക്കി തരംഗം സൃഷ്ടിക്കാനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് തൃക്കാക്കരയില്‍ മറുപടി പറയും എന്ന് ജോര്‍ജ് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ഹൈന്ദവ , ക്രൈസ്തവ വോട്ടുകളിലെ ഏകീകരണമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.അത്തരം ഒരു വോട്ട് ചോര്‍ച്ച ഉണ്ടായാല്‍, അത് ഇടതുപക്ഷത്തേക്കാള്‍ ദോഷം ചെയ്യുക കോണ്‍ഗ്രസ്സിനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Back to top button
error: