NEWS

പട്ടാമ്പി-ഒറ്റപ്പാലം വള്ളുവനാടിന്റെ ഭാഗമായിരുന്നോ..? സിനിമകൾ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധം,മിഥ്യാധാരണകൾ 

ള്ളുവനാട് എന്നാൽ എന്താണ് എന്ന്  ചോദിച്ചാൽ ഒറ്റപ്പാലം ഷൊർണ്ണൂർ പട്ടാമ്പി ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു പഴയകാല നാട്ടുരാജ്യമാണെന്നും വള്ളുവനാട് ആസ്ഥാനം എവിടെയാണ് എന്ന് ചോദിച്ചാൽ ഒറ്റപ്പാലമാണെന്നും ആയിരിക്കും ഒട്ടുമിക്കവരുടെയും ഉത്തരം.
ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചെടുക്കുന്നതിൽ സിനിമകൾക്കോ സിനിമാക്കാർക്കോ പൂർണമായും കുറ്റം ചാർത്തുന്നതിൽ കാര്യമില്ല എങ്കിലും ഇങ്ങനൊരു പൊതുബോധം കേരളത്തിലെ നല്ലൊരു ശതമാനം ആളുകൾക്കിടയിലും ഊട്ടിയുറപ്പിക്കുന്നതിൽ സിനിമകൾക്കും നല്ല പങ്കുണ്ട്.
മലയാളസിനിമയുടെ ഫിലിംസിറ്റി എന്നൊക്കെ വിളിക്കാവുന്ന ഒരു ഏരിയ ആണ് ഒറ്റപ്പാലം.മലയാളസിനിമയുടെ പ്രധാന ലൊക്കേഷനുകൾ എല്ലാം ഇവിടെയായിരുന്നു.
ഒറ്റപ്പാലവും ഷൊർണ്ണൂരും ചെർപ്പുളശ്ശേരിയും പട്ടാമ്പിയും എല്ലാം സിനിമാക്കാരുടെ പ്രധാന ലൊക്കേഷനുകൾ ആണ്.ഗ്രാമീണതയും പഴയ നിറഞ്ഞു നിൽക്കുന്ന തറവാടുകളാലും സമ്പന്നമായ ഇവിടം മലയാളസിനിമയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ്.വരിക്കാശ്ശേരി മന കൂട്ടത്തിൽ കൊമ്പൻ എന്ന പോലെ പ്രധാനിയായിരുന്നു.ഒട്ടനവധി കൊമർഷ്യൽ സിനിമകൾക്ക്‌ പശ്ചാത്തലമായ ഒറ്റപ്പാലം തന്നെയായിരുന്നു സിനിമാക്കാരുടെ ഇഷ്ടകേന്ദ്രം.
മലയാളസിനിമയിൽ ഇടക്കാലത്ത് വരെ നിലനിന്നിരുന്ന നല്ല മാർക്കറ്റ് ഉണ്ടായിരുന്ന സിനിമകൾ ആയിരുന്നു ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്ന സോ കോൾഡ് വള്ളുവനാട് പശ്‌ചാത്തലത്തിൽ വരുന്ന സിനിമകൾ.
സവർണ്ണ-ഫ്യൂഡൽ തമ്പുരാക്കന്മാരുടെ കഥകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിരുന്നു മലയാളസിനിമയിൽ ഒരുകാലത്ത്.ഇവിടങ്ങളിൽ ഷൂട്ട് ചെയ്തിരുന്ന ഗ്രാമീണത തുളുമ്പുന്ന സിനിമകളെ എല്ലാം വള്ളുവനാടൻ സിനിമകൾ എന്ന് വിളിക്കപ്പെടുന്നത് കാണാം.ഈ സിനിമകൾ മാർക്കറ്റ് ചെയ്തിരുന്നത് പോലും ഇത്തരത്തിൽ ആയിരുന്നു.ഒറ്റപാലവും പട്ടാമ്പിയും പശ്ചാത്തലത്തിൽ വരുന്ന സിനിമകളെ സിനിമാക്കാർ പോലും വള്ളുവനാട് എന്ന നാമം പറഞ്ഞു നൽകി നമ്മൾ പലതവണ പറ്റിക്കപ്പെട്ടതാണ്.
വാസ്തവത്തിൽ ഒറ്റപ്പാലം-പട്ടാമ്പി മേഖലയെ വള്ളുവനാട് എന്ന് വിളിക്കുന്നതിൽ കാര്യമുണ്ടോ..എന്താണ് വള്ളുവനാട്?
രണ്ടാം ചേരസാമ്രാജ്യത്വകാലത്ത് ചേരരാജാവിന് കീഴിൽ വന്നിരുന്ന ഒരു പ്രവിശ്യ ആയിരുന്നു വള്ളുവനാട്.ചേരസാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ഒരു സ്വതന്ത്രരാജ്യമായി ഉയർന്ന് വന്ന്,മദ്ധ്യകാലത്ത് മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം ആയിരുന്നു വള്ളുവനാട്..പിൽക്കാലത്ത് സാമൂതിരി ആക്രമണത്തിൽ വള്ളുവനാടിന് അവരുടെ പല പ്രദേശങ്ങളും നഷ്ടമായി. ഇന്നത്തെ കോട്ടക്കൽ നിലമ്പൂർ മലപ്പുറം മഞ്ചേരി വണ്ടൂർ പൊന്നാനി തിരുനാവായ തിരൂരങ്ങാടി ഭാഗങ്ങൾ എല്ലാം സാമൂതിരിരാജാക്കന്മാർ പല കാലങ്ങളിലായി പിടിച്ചടക്കി.അങ്ങാടിപ്പുറം ആസ്ഥാനമായി വാണിരുന്ന വള്ളുവക്കോനാതിരി സാമ്രാജ്യം മൈസൂർ രാജാവ് ഹൈദരലിയ്ക്ക് കീഴടങ്ങുന്നത് വരെ വള്ളുവനാടിന്റെ കീഴിൽ ഉണ്ടായിരുന്നത് പെരിന്തൽമണ്ണ മണ്ണാർക്കാട് അട്ടപ്പാടി പ്രദേശങ്ങൾ മാത്രം.
പട്ടാമ്പി-ഒറ്റപ്പാലം വള്ളുവനാടിന്റെ ഭാഗമായിരുന്നോ..?
പട്ടാമ്പിയും ഒറ്റപാലവും ഒരു കാലത്തും വള്ളുവകോനാതിരിയുടെ കീഴിൽ വന്നിട്ടില്ല.
അപ്പൊ ഈ ഭാഗങ്ങൾ ഏത് രാജ്യത്തിന്റെ ഭാഗമായിരുന്നു.?
വള്ളുവനാട് പോലെത്തന്നെ ചേരരാജവംശകാലഘട്ടത്തിന് ശേഷം സ്വതന്ത്രരാജ്യമായി ഉയർന്ന് വന്ന ഒരു പ്രവിശ്യ ആയിരുന്നു നെടുങ്ങനാട്.
ആദ്യകാലങ്ങളിൽ പട്ടാമ്പി പള്ളിപ്പുറം ചെമ്പുലങ്ങാട്  ആയിരുന്നു ആസ്ഥാനമെങ്കിലും പിൽക്കാലത്ത് ചെർപ്പുളശ്ശേരി ആയിരുന്നു ആസ്ഥാനം. തൂതപുഴയ്ക്കും ഭാരതപുഴയ്ക്കും ഇടയ്ക്കായി കല്ലടിക്കോടൻ മലനിരകൾ മുതൽ ചാവക്കാട് മേഖല വരെയുമുള്ള ഭാഗങ്ങളായിരുന്നു ഇവർ ഭരിച്ചിരുന്നത്. സാമൂതിരിയുടെ പല ആക്രമണങ്ങൾ പലപ്പോഴായി പല കാലത്തും നേരിട്ടിരുന്നുവെങ്കിലും ഒടുവിൽ സാമൂതിരിയ്ക്ക് കീഴടങ്ങുകയായിരുന്നു നെടുങ്ങേതിരിപ്പാട്.മൈസൂർ രാജാവ് സമൂതിരിയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ച് മൈസൂർ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ ഈ പ്രദേശം ടിപ്പുവിൽ നിന്നും ബ്രിട്ടീഷ്ക്കാർ പിടിച്ചെടുത്ത് ബ്രിട്ടീഷ് മലയാളം/മലബാർ ജില്ലയിൽ ഉൾപ്പെടുത്തി.
ഒറ്റപ്പാലം – പട്ടാമ്പി ഭാഗങ്ങൾക്ക് വള്ളുവനാട് എന്ന പേരുമായി എന്തെങ്കിലും ബന്ധം.?
ബ്രിട്ടീഷ് മലബാറിലെ ഒരു താലൂക്ക് ആയിരുന്നു നെടുങ്ങനാട് താലൂക്ക്(ഇന്നത്തെ ഒറ്റപ്പാലം താലൂക്കും പട്ടാമ്പി താലൂക്കിൻറെ നല്ലൊരു ഭാഗവും). 1860ൽ ഈ നെടുങ്ങനാട് താലൂക്ക് വള്ളുവനാട് താലൂക്കുമായി (ഇന്നത്തെ പെരിന്തൽമണ്ണ,മണ്ണാർക്കാട്&അട്ടപ്പാടി താലൂക്ക്) ചേർത്തു.ഇതാണ് വള്ളുവനാടുമായി ഈ പ്രദേശങ്ങൾക്കുള്ള ആകെ ബന്ധം.അതോടെ പിൽക്കാല രേഖകളിൽ നിന്നും ഈ നെടുങ്ങനാട് എന്ന പേരും അപ്രത്യക്ഷമായി.
ഇന്ന് വള്ളുവനാട് എന്ന് കേട്ടാൽ പലർക്കും ആദ്യം ഓർമ വരുന്നതും അതിന്റെ സിരാകേന്ദ്രമായി കാണുന്നതും ഒറ്റപ്പാലവും,
പട്ടാമ്പിയും ചെർപ്പുളശ്ശേരിയും ഷൊർണ്ണൂരും എല്ലാമാണ്…
അവസാനം വരെ വള്ളുവകോനാതിരിയ്ക്ക് കീഴിൽ ഉണ്ടായിരുന്ന ഭരണസിരാകേന്ദ്രം ആയിരുന്ന പെരിന്തൽമണ്ണ ഉൾപ്പെടെ മണ്ണാർക്കാട്-അട്ടപ്പാടി ഒന്നും അധികമാരും വള്ളുവനാട് ആയി പരാമർശിക്കുന്നത് കാണാറില്ല.
ഭാരതപുഴയ്ക്ക് തെക്ക് ഷൊർണ്ണൂരിനപ്പുറമുള്ള തൃശ്ശൂർ ജില്ലയിലെ വാഴാലിക്കാവ് വടക്കാഞ്ചേരി പഴയന്നൂർ ചെറുതുരുത്തി ഭാഗങ്ങളും പ്രധാന സിനിമാലൊക്കേഷനുകൾ ആണ്.വള്ളുവനാടുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും ഇതെല്ലാം ഇന്ന് വള്ളുവനാടാണെന്ന് പറയപ്പെടുന്നത് കാണാം.ഈ പ്രദേശങ്ങളെ വള്ളുവനാട് എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടെന്ന് തോന്നുന്നില്ല…
മലയാളത്തിലെ പല സാഹിത്യകാരന്മാരും സിനിമാക്കാരും  വള്ളുവനാട് എന്നാൽ ഒറ്റപ്പാലവും ഷൊർണ്ണൂരും പട്ടാമ്പിയും ആണെന്ന മിഥ്യാധാരണയാണ് ഇന്നും വച്ചുപുലർത്തിപ്പോരുന്നത്.

Back to top button
error: