NEWSWorld

ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലിശ്രീക്ക്

  ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായ പുരസ്കാരം, ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലിശ്രീക്ക്‌. ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലിശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് 2022 ലെ ബുക്കർ സമ്മാനത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക്‌ ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലിശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ 64കാരിയായ ഗീതാഞ്ജലി ശ്രീ ഹിന്ദിയിലെ ശ്രദ്ധേയയായ നോവലിസ്റ്റും കഥാകൃത്തുമാണ്.

“ലോക സാഹിത്യത്തിൽ ഹിന്ദിക്ക്‌ വലിയ സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ ഈ പുരസ്ക്കാരം നമുക്ക് വലിയ പ്രതീക്ഷ നൽകുന്നു. ഇനിയെങ്കിലും കൂടുതൽ ഹിന്ദി കൃതികൾക്ക് ഇംഗ്ലീഷ് പതിപ്പുകൾ ഉണ്ടാകുമെന്നു പ്രത്യാശിക്കാം. സത്യത്തിൽ ഹിന്ദിക്കു മാത്രമല്ല, ദക്ഷിണേഷ്യൻ ഭാഷകൾക്കെല്ലാം ഇതൊരു ശുഭവാർത്തയാണ്. എല്ലാം നല്ലതിനാണെന്നു ഞാൻ വിശ്വസിക്കുന്നു.” ഗീതാഞ്ജലിശ്രീ പറയുന്നു.
ഏഴ് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണത്രേ ഗീതാഞ്ജലിശ്രീ ഈ നോവൽ പൂർത്തിയാക്കിയത്.
ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് ‘രേത് സമാധി’ പറയുന്നത്.

Back to top button
error: