NEWS

സംവിധാനമുണ്ട്, പരിശോധനയില്ല; ട്രെയിനുകളിലെ ഭക്ഷണം വിഷമയം,വൃത്തിഹീനം

പാലക്കാട്: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഭക്ഷണം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും.പക്ഷേ റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയുമോ? റയിൽവേയ്ക്ക് ഇതിന് സംവിധാനം ഉണ്ടെങ്കിലും ട്രെയിനിലും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഒരിക്കലും പരിശോധിക്കപ്പെടാറില്ല എന്നതാണ് വാസ്തവം.പരാതികള്‍ ഉയര്‍ന്നാല്‍ തുടരന്വേഷണം ഉണ്ടാകാറുമില്ല.
കഴിഞ്ഞദിവസം മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ മടങ്ങിയ ഒൻപത് കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.ട്രെയിനിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതായിരുന്നു കാരണം.
 റെയില്‍വേയില്‍ ആരോഗ്യവിഭാഗവും ഓരോ ഡിവിഷനിലും അമ്ബതോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമുണ്ട്.എന്നാല്‍ അതൊന്നും നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
റെയില്‍വേയില്‍ കാര്യക്ഷമമായ പരിശോധനയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. പതിനായിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേയില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പോലുമില്ല.യാത്രക്കാര്‍ പരാതികളുമായി എത്തിയിലോ,ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലോ റെയില്‍വേയുടെ ഫുഡ് സേഫ്റ്റി ഓഫീസര്‍ പരിശോധന നടത്തും.അത്രമാത്രം!

കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഏറെയും വടക്കേ ഇന്ത്യക്കാരായ തൊഴിലാളികളാണ്.യാതൊരു വൃത്തിയും ഇവർക്കില്ല.ട്രെയിനിൽ മുഴുവൻ അലഞ്ഞു തിരിഞ്ഞാലോ, ടോയ്‌ലറ്റിൽ പോയാലോ സോപ്പും മറ്റും ഉപയോഗിച്ച് കൈകഴുകുന്ന ശീലം ഇവർക്കില്ല.പാൻപരാഗും മറ്റും വായിലിട്ടശേഷം അതേ കൈകൊണ്ട് തന്നെ അവർ വടയും സമൂസയും എടുത്തു നൽകുകയും ചെയ്യും.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ അമിത വിലയെപ്പറ്റിയും വ്യാപക പരാതികളാണുള്ളത്.ഒരു കുപ്പി വെള്ളത്തിന് ഇരുപത് രൂപയാണ് ചിലർ വാങ്ങുന്നത്.പതിനഞ്ച് രൂപയാണ് റയിൽവേയിലെ നിരക്ക് എന്നിരിക്കെയാണ് ഇത്.സ്ത്രീ യാത്രികരോടുള്ള ഇവരുടെ സമീപനവും പലപ്പോഴും അതിരുവിടുന്നതാണ്.
 

Back to top button
error: