ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്ന് കണ്ടെത്തി.
സംഭവത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയും റിമാന്‍ഡ് ചെയ്തു.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിലെത്തി. എന്നാല്‍, വീട് പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ട്, കുട്ടിയെ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. നാല് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന്, കുടുംബം വീട്ടില്‍ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന.
റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് പ്രത്യേക പരിശീലനം നല്‍കിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടിക്ക് പരിശീലനം നല്‍കിയാണ് റാലിയില്‍ മുദ്രാവാക്യം വിളിപ്പിച്ചത്.
ഇതിനൊപ്പം സംഭവത്തില്‍ പ്രതിചേര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായത്. പ്രകോപന മുദ്രാവാക്യം വിളിയില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാല്‍ അന്‍സാറിനും കുട്ടിയെ അറിയില്ലെന്നാണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താന്‍ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ പോലീസിന് നല്‍കിയ മൊഴി.
സംഭവത്തില്‍, 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷന്‍ കത്ത് നല്‍കിയിരുന്നു. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്