ദില്ലി : കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാൻ ഇറക്കുമതി ലെവി കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി ലെവിയായിരിക്കും കുറയ്ക്കുക ഫാം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് അധിക ലെവി സർക്കാർ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സർക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്.
റഷ്യ ഉക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ തടസ്സം നേരിട്ടിരുന്നു. ഇന്ത്യയിലെ ഉപയോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയായതിനാൽ ലഭ്യത കുറഞ്ഞത് വില ഉയരാൻ കാരണമായി. പാമോയിൽ കയറ്റുമതി താൽക്കാലികമായി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ നീക്കവും ഇന്ത്യൻ വിപണിയിൽ എണ്ണ വില ഉയർത്താനുള്ള കാരണമായി.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യയിലെ മൊത്തവിലപ്പെരുപ്പം ഏപ്രിലിൽ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് കുതിച്ചുയർന്നത്. ഇന്ധന വിലയും ഭക്ഷ്യ വസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താൻ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പിറകെ പഞ്ചസാരയുടെ കയറ്റുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.