മലയാളം നെഞ്ചോട് ചേർത്ത നാദ മധുരത്തിന് ഇന്ന് 65 -ാം പിറന്നാൾ. മലയാളത്തിന്റെ ഏറ്റവും പ്രിയങ്കരനായ എം ജി ശ്രീകുമാർ പാടിയ പാട്ടുകളോരോന്നും ഓർമയുടെ താളുകളിൽ സ്നേഹത്തോടെ സൂക്ഷിക്കുന്നവരാണ് മലയാളികൾ.
ഒട്ടനവധി ഗാനങ്ങൾ. ക്ലാസ്സിക്കലും മെലഡിയും അടിപൊളിയും ഏതുവേണം എല്ലാം ഈ അതുല്യ കലാകാരനിൽ ഭദ്രമാണ്. സഹോദരൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. ചേർത്തല ഗോപാലൻ നായരുടെ കീഴിലും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗുരു ജ്യേഷ്ഠനായ എം ജി രാധാകൃഷ്ണൻ തന്നെയായിരുന്നു.
പത്മരാജൻ സംവിധാനം ചെയ്ത് എംജി രാധാകൃഷ്ണൻ സംഗീതം നിർവ്വഹിച്ച നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെ 1982 ലാണ് എംജി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കൂലി, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ശ്രീകുമാർ ഗാനങ്ങൾ ആലച്ചു.
ഗാനഗന്ധർവ്വൻ യേശുദാസ് തിളങ്ങി നിൽക്കുന്ന കാലത്ത് കണ്ണീർപൂവിന്റെ, നാദ രൂപിണി, ശങ്കരി പാഹിമാം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് എം.ജി ശ്രീകുമാർ പ്രശസ്തനാവുന്നത്. മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യം ശ്രീകുമാറിലെ ഗായകന് പിന്നണിഗാനരംഗത്ത് മുതൽകൂട്ടായി. ലാലിന് വേണ്ടിയാണ് എം.ജി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
താളവട്ടം, ചിത്രം, കിരീടം, ആര്യൻ, റാംജിറാവു സ്പീക്കിങ്, ഹിസ്ഹൈനസ് അബ്ദുള്ള, ഇന്ദ്രജാലം, ഗോഡ്ഫാദർ, യോദ്ധ, ചമ്പക്കുളം തച്ചൻ, അദ്വൈതം, കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ മലയാളികളുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തുന്ന നിരവധി ഗാനങ്ങൾ ഈ ഗായകന്റെ ശേഖരത്തിലുണ്ട്. താണ്ഡവം, ചതുരംഗം, പെൺപട്ടണം, അറബീം ഒട്ടകോം പി മാധവൻ നായരും, കുഞ്ഞളിയൻ, കാഞ്ചീവരം, ഞാനും എന്റെ ഫാമിലിയും, ആമയും മുയലും തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് എംജി ശ്രീകുമാർ ഈണം പകർന്നിട്ടുണ്ട്.
1989, 1991, 1992 എന്നീ വർഷങ്ങളിൽ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, 1990 ൽ ഹിസ്ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ നാദരൂപിണി എന്ന ഗാനത്തിലൂടെയും 1999 ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ചാന്തുപൊട്ടും എന്ന ഗാനത്തിലൂടെയും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും എം.ജി ശ്രീകുമാറിനെ തേടി എത്തി.