
മഴക്കാലത്തു നിരത്തുകളിലൂടെയുള്ള യാത്ര ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. വെള്ളക്കെട്ടിലും മഴയിലും ഏറ്റവുമധികം അപകടങ്ങളിൽ പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ശ്രദ്ധാപൂർവമുള്ള റൈഡിങ് മാത്രമാണ് അപകടമൊഴിവാക്കാനുള്ള മുഖ്യ മാർഗം.
സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുകവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
സഡൻബ്രേക്കിങ് പരമാവധി ഒഴിവാക്കുക.മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒറ്റയ്ക്കു പിടിക്കരുത്.ഇത് ടയർ ലോക്ക് ആകാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാനും ഇടയാക്കും. പിന്നിലെയും മുന്നിലെയും ബ്രേക്ക് പ്രയോഗിക്കുക.ഇങ്ങനെ ചെയ്യുന്നതുവഴി മൊത്തം ബ്രേക്കിങ് ഫോഴ്സ് രണ്ട് ടയറുകളിലായി വീതിച്ചു നൽകി കൂടുതൽ ഗ്രിപ്പ് നേടാം.
റോഡിലുള്ള മാർക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്ക് ഉപയോഗിക്കുമ്പോൾ ഏറെ സൂക്ഷിക്കണം. പെയിന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് തീരെയുണ്ടാവില്ല. ഇവിടെ ബൈക്ക് തെന്നി മറിയാൻ സാധ്യതയുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗമെടുക്കരുത്.റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാൽ ബ്രേക്കിങ് അത്ര കാര്യക്ഷമമാകില്ല. അതിനാൽ മുന്നിലുള്ള വാഹനങ്ങളുമായി സാധാരണയിലും ഇരട്ടി അകലം പാലിക്കണം.
റോഡിന്റെ ഇടതുവശം ചേർന്ന് ബൈക്ക് ഓടിക്കുക. പ്രത്യേകിച്ച് ഹൈവേകളിൽ, പിന്നാലെയുള്ള വാഹനങ്ങൾക്ക് സുഖമായി ഓവർടേക്ക് ചെയ്യാനുള്ള ഇടം നൽകണം.വളവുകളിൽ നിലം പറ്റി വീശാതെ സാവധാനം വേണം തിരിയാൻ.
അവ്യക്തമായ കാഴ്ചയ്ക്ക് കാരണമാകുന്ന മഴയിൽ, തിളങ്ങുന്ന നിറമുള്ള റെയ്ൻകോട്ടുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വാഹനം മറ്റു ഡ്രൈവർമാരുടെ കാഴ്ചയിൽപ്പെടാൻ സഹായിക്കും.ഫ്ളൂറസെൻറ് നിറങ്ങളിലുള്ള സ്റ്റിക്കറുകൾ ഹെൽമറ്റ്, ജാക്കറ്റ്, ബൈക്ക് എന്നിവയിൽ ഒട്ടിക്കാം. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോഴും ബഹുനിര റോഡുകളിൽ ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ നിർബന്ധമായി ഉപയോഗിക്കണം.ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫുചെയ്യാൻ മറക്കരുത്.
കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ
റോഡിലുള്ള മാൻഹോളുകൾ, പാർക്കിങ് ഏരിയയിലും മറ്റും കയറാനും ഇറങ്ങാനുമുള്ള മെറ്റൽ പ്ലേറ്റുകൾ, റയിൽവേ ക്രോസുകൾ എന്നിവയിൽ കൂടി വാഹനം ഓടിക്കുമ്പോൾ വേഗം കുറയ്ക്കണം. റയിൽവേ ട്രാക്കിൽ പരമാവധി നേരെ തന്നെ ബൈക്ക് ഓടിച്ചു കയറ്റുക. ചെരിഞ്ഞുകയറിയാൽ ചക്രം പാളി ബൈക്ക് മറിയാൻ ഇടയാകും. റോഡിന്റെ കട്ടിങ്ങുകൾ ഏറെ സൂക്ഷിക്കുക.താഴ്ചയുള്ള റോഡരികിൽ ഇറങ്ങിയാലും ഉടൻ വെട്ടിച്ച് റോഡിലേക്ക് കയറാൻ ശ്രമിക്കരുത്. വേഗം കുറച്ച് സ്മൂത്തായ അരികിലൂടെ വേണം തിരികെ റോഡിൽ പ്രവേശിക്കാൻ.






