രാഷ്ട്രീയ മര്യാദകളൊന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന് ബാധകമല്ല. ആരെയും പരിഹസിക്കാം, പുലഭ്യം പറയാം, ആക്രോശിക്കാം. താൻ പോരിമയും ഗുണ്ടായിസവുമാണ് കൈമുതൽ. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്ന പ്രമാണം അദ്ദേഹത്തിന് ബാധകമല്ല. പിണറായി വിജയന്‍ കെ.സുധാകരൻ്റെ ആജന്മ ശത്രുവാണ്. കണ്ടാൽ മിണ്ടില്ല. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ പുലഭ്യം പറയും. അങ്ങനെ കേരളത്തിൻ്റെ പൊതു സമൂഹത്തിൽ ഇളിഭ്യനാകുകയും ചെയ്യും.
ഇപ്പോഴിതാ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നാണ് ആക്ഷേപം.
‘എല്‍ ഡി എഫ് പ്രചാരണത്തില്‍ യു ഡി എഫിന് ഹാലിളകിയെന്നാണല്ലോ’ എന്ന വാര്‍ത്താചാനല്‍ ലേഖികയുടെ ചോദ്യത്തിന് കെ.സുധാകരന്‍ പറഞ്ഞ മറുപടിയായാണ് സാംസ്കാരിക കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞത്.
കെ.സുധാകൻ എം.പിയുടെ മറുപടി:
“ഹാലിളകിയത് ഞങ്ങള്‍ക്കല്ല. ഹാലിളകിയത് അദ്ദേഹത്തിനാണ്. വഴിനീളെ ഇങ്ങനെ തേരാപാരാ നടക്കുന്നു. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നതെന്ന് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്.
ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.”
ഈ വിവാദ പരാമര്‍ശത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്.
സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തു വന്നു. ചങ്ങല പൊട്ടിയ നായ എന്ന പ്രയോഗം സംസ്‌കാര ശൂന്യമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിമര്‍ശനം. കെ സുധാകരനെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് ജയരാജന്‍ അറിയിച്ചു.
ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയാവുകയും യു.ഡി.എഫിന് തിരിച്ചടിയാവുകയും ചെയ്തതോടെ സുധാകരൻ മറുപടിയുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയെകുറിച്ച് പറഞ്ഞത് ഉപമ മാത്രമെന്ന് കെ.പി.സി.സി അധ്യക്ഷന്‍. മലബാറിലെ ഒരു പ്രയോഗമാണത്. മുഖ്യമന്ത്രി നായയാണെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ മുഖ്യമന്ത്രിക്ക് തോന്നിയെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു. സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പണം ധൂര്‍ത്തടിക്കുവെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ വിവാദമാക്കാം എന്നു കരുതേണ്ട. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എൽ.ഡി.എഫ് ഇത് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടും, ഇതൊന്നും ജനങ്ങളോട് വിലപ്പോകില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.