NEWS

സ്വകാര്യ ബസിനെതിരെ കെഎസ്ആർടിസി;100 മീറ്റര്‍ അധികമായതിനാല്‍ പെര്‍മിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ്

കാസര്‍ഗോഡ്: നാട്ടുകാര്‍ ആവശ്യപ്പെട്ട് വാങ്ങിയ ബസ് നിരത്തില്‍ ഓടിക്കാനാകാതെ ഉടമ പ്രതിസന്ധിയില്‍. ചെറുവത്തൂരിലെ ശരത് കുമാര്‍ കുട്ടമത്ത് വാങ്ങിയ ബസിനാണ് 100 മീറ്റര്‍ അധികമായതിനാല്‍ പെര്‍മിറ്റ് നല്‍കാത്തത്.
കാഞ്ഞങ്ങാട് നിന്നു പാറപ്പള്ളി കുമ്ബള, ഉദയപുരം, കൊട്ടോടി, കുറ്റിക്കോല്‍, പാണ്ടി വഴി അഡൂരിലേക്ക് സര്‍വീസ് നടത്താന്‍ ആണ് പുതിയ ബസ് വാങ്ങിയത്. മുന്‍പ് ഈ റൂട്ടില്‍ ഇദ്ദേഹം മറ്റൊരു ബസിന് പകരമായി സര്‍വീസ് നടത്തിയിരുന്നു.

പിന്നീട് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഈ റൂട്ടില്‍ പുതിയ ബസ് വാങ്ങി. എന്നാല്‍ നിലവില്‍ സര്‍വീസ് നടത്തിയ ബസ് ഉടമയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഈ ബസ് പയ്യന്നൂര്‍- കാഞ്ഞങ്ങാട് റൂട്ടില്‍ മാറ്റി. പിന്നീട് ബസ് കാലപ്പഴക്കം വന്നതോടെ മുന്‍പ് സര്‍വീസ് നടത്തിയ ബസ് നിര്‍ത്തി. കാലാവധി കഴിഞ്ഞതിനാല്‍ ഇതിന്റെ പെര്‍മിറ്റും റദ്ദായി. പിന്നീട് ഈ റൂട്ടില്‍ ബസ് സര്‍വീസ് ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ ശരത്തുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ശരത് വായ്പ്പയെടുത്ത് പുതിയ ബസ് വാങ്ങി.പക്ഷെ പെര്‍മിറ്റിന് അപേക്ഷിച്ചപ്പോള്‍ ആണ് പണി കിട്ടിയത്. പുതിയ ബസിന് പെര്‍മിറ്റ് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നു മാത്രമേ നല്‍കാന്‍ കഴിയൂവെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് പരിഗണിച്ച്‌ അന്നത്തെ കളക്ടര്‍ സജിത്ത് ബാബു പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിട്ടു. പിന്നാലെ ഉടക്കുമായി കെഎസ്‌ആര്‍ടിസി എത്തി. കാഞ്ഞങ്ങാട് മുതല്‍ മാവുങ്കാല്‍ വരെ നോട്ടിഫൈഡ് റൂട്ട് ആണെന്നും 5 കിലോമീറ്റര്‍ താഴെ വരെ മാത്രമേ പെര്‍മിറ്റ് നല്‍കാവൂ എന്നുമായിരുന്നു ഇവരുടെ ന്യായം.
ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ മാവുങ്കാല്‍ വരെ നിലവില്‍ 5 കിലോമീറ്ററും 100 മീറ്ററും ഉണ്ട്. 100 മീറ്റര്‍ അധികമായതിനാല്‍ പെര്‍മിറ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നിലപാട്. എന്നാല്‍ ഇതിന് പകരമായി കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ വെള്ളിക്കോത്ത് വഴി പെര്‍മിറ്റ് നല്‍കണമെന്ന് ശരത് ആവശ്യപ്പെട്ടു. അപ്പോള്‍ പാണ്ടി ഭാഗത്ത് റോഡ് മോശമായതിനാല്‍ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പ് പറഞ്ഞതെന്ന് ഉടമ പറയുന്നു.

ബസിന് പെര്‍മിറ്റ് അനുവദിക്കണമെന്ന് സ്ഥലം എംഎല്‍എ വരെ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.ബസ് ഓടിക്കാന്‍ കഴിയാതെ വന്നതോടെ ഇപ്പോൾ ബസ് കയറ്റി ഇട്ടിരിക്കയാണ് ശരത്.

Back to top button
error: