CrimeNEWS

മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് സജാദ് റിമാന്‍റില്‍

കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിലെ മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതിയാണ് സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് കാരണങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്. ഷഹാനയുടെ മരണത്തില്‍ ഇന്നലെ രാത്രിയാണ് ഭർത്താവ് സജാദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.

അതിനിടെ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്നയുടെ കുറിപ്പ് വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: