തിരുവനന്തപുരം: മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയില്‍ എത്തിയെന്ന വാര്‍ത്ത കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്‍റെ വാര്‍ത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകള്‍ ചെയ്ത വീഡിയോകളും ഇതിന്‍റെ ഭാഗമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂകാംബികയിലേക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവന്‍ ബീച്ചില്‍ എത്തിയെന്നും രാവിലെ കണ്ടത് അര്‍ദ്ധനഗ്നരായ വിദേശികളെയാമെന്നുമായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളുടെ ഉള്ലടക്കം. ഇതിന്‍റെ സത്യവസ്ഥ എന്താണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.
ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അധികൃതര്‍ പറയുന്നത്. ഇത്തരം ഒരു വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് പറയുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അധികൃതര്‍ ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റര്‍ തിട്ടപ്പെടുത്തിയും ബസ്സില്‍ സഞ്ചരിച്ച യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചുമാണ് സംഭവത്തിന്‍റെ വാസ്തവം കണ്ടെത്തിയത്. കുന്ദാപുരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയും വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയുമാണ്, ഇവിടെ നിന്നും സ്വിഫ്റ്റ് ബസിന് വഴിതെറ്റിയിരുന്നു. തുടര്‍ന്ന് പത്ത് പതിനഞ്ച് കിലോമീറ്ററോളം മുന്നോട്ട് പോയപ്പോള്‍ അബദ്ധം മനസിലാക്കിയ ഡ്രൈവര്‍ വണ്ടി തിരിച്ചെടുത്തു. ഈ സമയത്ത് ഉറക്കം ഉണര്‍ന്നിരുന്ന ചില യാത്രക്കാര്‍ കടല്‍ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ‘ഗോവന്‍ കഥ’ പ്രചരിപ്പിക്കപ്പെട്ടത് എന്നാണ് സ്വിഫ്റ്റ് അധികൃതര്‍ വ്യക്തമാകുന്നത്.