BusinessTRENDING

എസ്ബിഐ അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി

രാജ്യത്തെ മുന്‍നിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി. എസ്ബിഐ 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ 6,451 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 81,327 കോടി രൂപയില്‍ നിന്ന് 82,613 കോടി രൂപയായി വര്‍ധിച്ചു.

ബാങ്കിന്റെ കണ്‍സോളിഡേറ്റ്ഡ് അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 6,126 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം വര്‍ധിച്ച് 9,549 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിക (എന്‍പിഎ) 2022 മാര്‍ച്ച് 31 ലെ വായ്പകളുടെ 3.97 ശതമാനമായി കുറഞ്ഞു. 2021 ലെ ഇതേ കാലയളവിലെ 4.98 ശതമാനത്തില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയത്.

അറ്റ നിഷ്‌ക്രിയ ആസ്തി 2022 മാര്‍ച്ച് 31-ന് മുന്‍വര്‍ഷത്തെ 1.50 ശതമാനത്തില്‍ നിന്ന് 1.02 ശതമാനമായി കുറഞ്ഞു. സ്റ്റാന്റ് എലോണ്‍ ലാഭം 2021-22 സാമ്പത്തിക വര്‍ഷത്തില്‍, മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 20,410 കോടി രൂപയില്‍ നിന്ന് 55 ശതമാനം വര്‍ധിച്ച് 31,676 കോടി രൂപയായി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 7.10 രൂപ അല്ലെങ്കില്‍ മുഖവിലയില്‍ 710 ശതമാനം ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Back to top button
error: