ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 8 ശതമാനത്തിലധികം വര്‍ധിച്ച് 1,440 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 1,330 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം വരുമാനം 20,417.44 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 19,804.91 കോടി രൂപയായിരുന്നുവെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
2021-22 മുഴുവന്‍ വര്‍ഷവും, സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം മുന്‍ വര്‍ഷത്തെ 2,906 കോടിയില്‍ നിന്ന് 80 ശതമാനം ഉയര്‍ന്ന് 5,232 കോടി രൂപയായി. അതേസമയം മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 80,511.83 കോടിയില്‍ നിന്ന് 80,468.77 കോടി രൂപയായി കുറഞ്ഞു. 2022 മാര്‍ച്ച് 31 വരെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13.74 ശതമാനത്തില്‍ നിന്ന് 202211.11 ശതമാനമായി മെച്ചപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍,2022 ല്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 79,587.07 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 89,788.20 കോടി രൂപയില്‍ നിന്ന് കുറഞ്ഞതായി കാണാം.
അറ്റ നിഷ്‌ക്രിയ ആസ്തി 4.62 ശതമാനത്തില്‍ നിന്ന് (27,280.52 കോടി രൂപ) 3.68 ശതമാനമായി (24,303.30 കോടി രൂപ) കുറഞ്ഞു. മാര്‍ച്ച് പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,269 കോടി രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 1,557 കോടി രൂപയായി. മൊത്ത വരുമാനം 20,681.40 കോടിയില്‍ നിന്ന് 19,353.85 കോടി രൂപയായി കുറഞ്ഞതായി സര്‍ക്കാര്‍ ബാങ്ക് അറിയിച്ചു. ആവശ്യമായ അംഗീകാരങ്ങള്‍ക്ക് വിധേയമായി 2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് 1.90 രൂപ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി ബാങ്ക് അറിയിച്ചു.