BusinessTRENDING

മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്; അറ്റാദായത്തില്‍ 144 ശതമാനം വര്‍ധന

2022ലെ മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 143.93 ശതമാനത്തിന്റെ വര്‍ധനവാണ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇസാഫ് ബാങ്ക് രേഖപ്പെടുത്തിയത്. അറ്റാദായം 43.29 കോടി രൂപയില്‍നിന്ന് 105.60 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷം 54.73 കോടി രൂപയാണ് ഇസാഫിന്റെ അറ്റാദായം. നാലാം പാദ പ്രവര്‍ത്തന ലാഭം 174.99 ശതമാനം വര്‍ധിച്ച് 158.09 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 57.49 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 17.96 ശതമാനം വര്‍ധിച്ച് 491.84 കോടി രൂപയായി. മുന്‍ വര്‍ഷം 416.98 കോടി രൂപയായിരുന്നു ഇത്.

നിക്ഷേപം 42.40 ശതമാനം വര്‍ധിച്ച് 12,815 കോടി രൂപയായി. വായ്പാ വിതരണം 44.15 ശതമാനം വര്‍ധിച്ച് 12,131 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 8415 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 17425 കോടി രൂപയില്‍ നിന്നും 44.36 ശതമാനം വര്‍ധിച്ച് 25,156 കോടി രൂപയായി. വിപണിയില്‍ പല പ്രതിസന്ധികളുണ്ടായെങ്കിലും സാമ്പത്തിക വര്‍ഷം പൊതുവില്‍ പ്രശംസനീയമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് ഇസാഫ് സ്മോള്‍ ഫിനാന്സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.

”ഒരു ബാങ്ക് എന്ന നിലയില്‍ ഞങ്ങള്‍ ഏറെ വിലമതിക്കുന്ന ഉപഭോക്താക്കള്‍ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ മികച്ച സേവനം മുടക്കമില്ലാതെ നല്‍കാനും അതുവഴി എല്ലാവരിലും ബാങ്കിങിന്റെ ആനന്ദം എത്തിക്കാനും കഴിഞ്ഞു” അദ്ദേഹം പറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 7.83 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 3.92 ശതമാനമായും വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇവ യഥാക്രമം 6.7 ശതമാനവും 3.88 ശതമാനവും ആയിരുന്നു.

Back to top button
error: