IndiaNEWS

ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ 18 ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ 18 ശതമാനം ചരക്ക് സേവന നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം. ഏറ്റവും ഉയര്‍ന്ന 28 ശതമാനം നികുതി നിരക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുപകരം തങ്ങളുടെ സേവനം 18 ശതമാനം ജിഎസ്ടി സ്ലാബിന് കീഴില്‍ നിലനിര്‍ത്താനാണ് വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം ആവശ്യപ്പെടുന്നത്.

വര്‍ധിച്ച നികുതി ഈ മേഖലയ്ക്ക് വിനാശകരമാകുമെന്ന് മാത്രമല്ല, ഇന്ത്യന്‍ നികുതി അധികാരപരിധി ഒഴിവാക്കാന്‍ മറ്റ് രാജ്യങ്ങളില്‍ ഗെയിമുകള്‍ നടത്താന്‍ ഓഫ്‌ഷോര്‍ ഓപ്പറേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഗെയിംസ്24×7 കോ-സിഇഒ ത്രിവിക്രമന്‍ തമ്പി പറഞ്ഞു. ഇത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യവസായം നഷ്ടപ്പെടുക, സര്‍ക്കാരിന് നികുതി വരുമാനം നഷ്ടപ്പെടുക, കൂടാതെ ഗെയും കളിക്കാര്‍ നഷ്ടപ്പെടുക എന്നിങ്ങനെ മൂന്നിരട്ടി ആഘാതമായിരിക്കും വ്യവസായം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Signature-ad

45,000 ല്‍ പരം ആളുകള്‍ ജോലി ചെയ്യുന്ന, 400 കളിക്കാര്‍ ഉള്ള വ്യവസായത്തിനെ 18 ശതമാനം  ജിഎസ്ടി സ്ലാബിന് കീഴില്‍ നിലനിര്‍ത്തുന്നതിനായി വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളുടെ അസോസിയേഷന്‍ അധികാരികള്‍ മുമ്പാകെ ആവശ്യം അറിയിച്ചിട്ടുണ്ട്. ഇ-സ്‌പോര്‍ട്‌സ്, ഫാന്റസി ഗെയിമുകള്‍, റമ്മി, പോക്കര്‍ അല്ലെങ്കില്‍ ചെസ്സ് എന്നിവയെല്ലാം വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഉള്‍പ്പെടുന്നു. ചിലപ്പോഴെല്ലാം ഇത്തരം ഗെയിമുകളില്‍ സൗജന്യമായി പങ്കെടുക്കാന്‍ മറ്റ് ചിലപ്പോള്‍ പ്ലാറ്റ്ഫോം ഫീസുകളുടെ രൂപത്തില്‍ പണം ഈടാക്കും. ഗ്രോസ് ഗെയിമിംഗ് റവന്യൂ (ജിജിആര്‍) എന്ന് വിളിക്കപ്പെടുന്ന പ്ലാറ്റ്ഫോം ഫീയിലാണ് നിലവില്‍ ജിഎസ്ടി ഈടാക്കുന്നത്.

സംസ്ഥാന ധനമന്ത്രിമാരുടെ ഒരു പാനല്‍ നിര്‍ദ്ദേശിച്ച പ്രകാരം ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ കാസിനോ, റേസ് കോഴ്‌സ്, ഓണ്‍ലൈന്‍ ഗെയിമിംഗ് സേവനങ്ങള്‍ എന്നിവയെ  28 ശതമാനം ജിഎസ്ടിയിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍, യോഗത്തിന്റെ അജണ്ട ഇതുവരെ അന്തിമമായിട്ടില്ല. മൊത്ത മൂല്യത്തിനാണോ അറ്റാദായത്തിനാണോ നികുതി ഈടാക്കുന്നത് എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും.

Back to top button
error: