ന്യൂഡൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ. കിംവദന്തികൾ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സംസ്ഥാനത്തെ പാർട്ടി കാര്യങ്ങളെക്കുറിച്ചുള്ള തന്റെ പരാതികൾ സ്ഥിരം ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അവ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
‘മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ജനങ്ങളോട് വിശ്വസ്തത പുലർത്തുന്ന നേതാക്കൾക്ക് പാർട്ടി ഉത്തരവാദിത്തം ഏൽപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരല്ലാത്തതിനാൽ ഞങ്ങൾ വ്യത്യസ്ത തരം രാഷ്ട്രീയക്കാരാണ്. പദവി ലഭിക്കാൻ തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ സമ്മർദത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല.’– അദ്ദേഹം പറഞ്ഞു.
എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് 15 ദിവസം മുൻപ് രാഹുൽ ഗാന്ധി തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും എന്നാൽ, ഹൈക്കമാൻഡിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ സഹായിക്കാൻ ഡൽഹിയിൽ ഒരു ഗോഡ്ഫാദർ ഇല്ല. ഞാനെന്റെ സ്വന്തം യോഗ്യതയിൽ നിന്ന് പ്രവർത്തിക്കണം’– അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തനിക്കെതിരായ കേസുകൾ പിൻവലിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പതിവുപോലെ രാഷ്ട്രീയം മാത്രമാണെന്നും, തന്റെ മാത്രമല്ല നൂറുകണക്കിന് കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.