ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ വാഹനമായ ഥാർ പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂൺ 6ന് ലേലം നടക്കും. ലേല തീയതിയും വിശദാംശങ്ങളും പത്രത്തിൽ പരസ്യം ചെയ്യും. മഹീന്ദ്ര കമ്പനി 2021ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.
ബുധനാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി പുനർലേലത്തിന് തീരുമാനം എടുക്കുകയായിരുന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെങ്ങറ സുരേന്ദ്രൻ, കെ.വി.മോഹനകൃഷ്ണൻ, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, കെ.ആർ.ഗോപിനാഥ്, മനോജ്.ബി.നായർ, സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു.