തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തിനകത്തെ ജോലികൾക്കായി ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് നൽകാനേ പൊലീസിന് ഇനി കഴിയൂ. വിദേശത്തെ ജോലികൾക്ക് ഗുഡ് കോൺടാക്റ്റ് സർട്ടിഫിക്കറ്റ് (ജിസിസി) നൽകുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജൻസികളിലൂടെ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഡിജിപി ഉത്തരവിറക്കിയത്.
സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ എസ്പി ഓഫിസിലോ ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർക്കോ നൽകണം. അപേക്ഷിക്കുന്ന ആൾ തന്നെ അപേക്ഷ തയാറാക്കുന്നതായിരിക്കും ഉചിതം. അതിനു സാധിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർ എഴുതി നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ മറ്റുള്ളവർക്കും അപേക്ഷ സമർപിക്കാം. സർട്ടിഫിക്കറ്റ് വാങ്ങാൻ അപേക്ഷകൻ നേരിട്ടു ഹാജരാകണമെന്ന് നിർബന്ധമില്ല.
അപേക്ഷകൻ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആൾക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കി സർട്ടിഫിക്കറ്റ് വാങ്ങാം. 500 രൂപയാണ് സർട്ടിഫിക്കറ്റിന്റെ ഫീസ്. തുണ സിറ്റിസൺ പോർട്ടൽ വഴിയും പൊലീസിന്റെ ആപ് വഴിയും സൈറ്റിലൂടെയും ഫീസടച്ച് സർട്ടിഫിക്കറ്റ് വാങ്ങാം. അപേക്ഷകന് ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണം. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. ഇക്കാര്യം അപേക്ഷകനെ കേസ് നമ്പർ സഹിതം അറിയിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നവൾക്കും സർട്ടിഫിക്കറ്റ് നൽകില്ല.
വിലാസം തിരിച്ചറിയാനായി ഇതിലേതെങ്കിലും രേഖയുടെ പകർപ്പ് സമർപിക്കണം: റേഷൻ കാർഡ്, വോട്ടേഴ്സ് ഐഡി, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്. തിരിച്ചറിയൽ രേഖ: കേന്ദ്ര–സംസ്ഥാന സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്. കേസുകളില്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് അപേക്ഷിക്കാനുള്ള സാഹചര്യം വ്യക്തമാക്കുന്ന രേഖ.(ജോലിയുടെ പരസ്യം, സ്ഥാപനങ്ങളുടെ കത്ത്).