കൊച്ചി: മൊബൈൽ ഫ്ലാഷ് ലൈറ്റിൽ വിദ്യാർഥികൾ പരീക്ഷയെഴുതിയതിനെ തുടർന്നുണ്ടായ വിവാദത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിൽ ‘കാൻഡിൽ ലൈറ്റ് എക്സാം!’ മൊബൈലിനു വിലക്കുള്ള പരീക്ഷാ ഹാളിനുള്ളിൽ വിദ്യാർഥികൾ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ചു പരീക്ഷ എഴുതിയതിനെത്തുടർന്നു റദ്ദാക്കിയ പരീക്ഷ ഇന്നലെ വീണ്ടും നടത്തിയതു മെഴുകുതിരി വെട്ടത്തിൽ. ഇരുട്ടത്തെ പരീക്ഷകൾ മഹാരാജാസിൽ തുടർക്കഥയാകുമ്പോൾ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്.
ഏപ്രിൽ പതിനൊന്നിനാണു പവർകട്ട് സമയത്തു മഹാരാജാസിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾ മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത്. ഇതേപ്പറ്റി മനോരമ വാർത്ത നൽകിയതോടെ സംഭവം വിവാദമായി. തുടർന്ന് അധികൃതർ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചു. ഇന്നലെ വീണ്ടും പരീക്ഷ നടത്തിയതും കഴിഞ്ഞ തവണ ഇരുട്ടിലമർന്ന ഇംഗ്ലിഷ് വിഭാഗത്തിലെ ക്ലാസ് മുറികളിൽ തന്നെയായിരുന്നു.
10നു പരീക്ഷയാരംഭിച്ച് 20 മിനിറ്റിനുള്ളിൽ മഴയെത്തി. വൈദ്യുതി നിലച്ചു. ഇതോടെ പരീക്ഷാ ഹാളുകളെല്ലാം ഇരുട്ടിലായി. 20 മിനിറ്റോളം വിദ്യാർഥികൾ ഇരുട്ടത്തു വെറുതെയിരുന്നു. ഇതോടെ, അധികൃതർ ഹാളിൽ മെഴുകുതിരികൾ കൊളുത്തിവച്ചു. ഇതിന്റെ വെളിച്ചത്തിലാണു വിദ്യാർഥികൾ തുടർന്നു പരീക്ഷയെഴുതിയത്. എന്നാൽ, പരീക്ഷയ്ക്കിടെ െവെദ്യുതി നിലച്ചതു മൂലം നഷ്ടമായ സമയം വിദ്യാർഥികൾക്ക് അധികമായി അനുവദിച്ചില്ല. മെഴുകുതിരി വെട്ടത്തിൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പരീക്ഷ നടത്തിപ്പും അധ്യയനവും സുഗമമാക്കാൻ ദേശീയ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ റൂസയുടെ ഫണ്ടിൽനിന്ന് 54 ലക്ഷം ചെലവിട്ടു കോളജിലേക്ക് എച്ച്ടി ലൈൻ വലിച്ചിട്ടും പവർകട്ട് ഒഴിയാത്തതിൽ അധ്യാപകരുൾപ്പെടെ പ്രതിഷേധത്തിലാണ്. പരീക്ഷാ വേളകളിൽ പവർകട്ട് ഉണ്ടായാലും കോളജിലേക്കുള്ള വൈദ്യുതി മുടങ്ങില്ലെന്ന അവകാശവാദത്തോടെയാണു വൻതുക മുടക്കി ലൈൻ എച്ച്ടി ആക്കിയത്. എന്നാൽ, മാനത്തു മഴക്കാർ കണ്ടാലുടൻ കറന്റ് പോകുകയും പരീക്ഷാഹാളുകൾ ഇരുട്ടിലാവുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നു. കണക്‌ഷൻ മാറ്റത്തിനു ചെലവിട്ട തുക പാഴായെന്നും ഇതേപ്പറ്റി അന്വേഷണം വേണമെന്നും വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും അധികൃതർ മൗനം തുടരുകയാണ്.