IndiaNEWS

400 രൂപ കൂലി കൊടുക്കാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാൽ ദിവസം 2,000 തരാമെന്ന് ഭിക്ഷക്കാരൻ

തിരുപ്പൂർ: നാനൂറു രൂപ ദിവസക്കൂലിയിൽ സൈക്കിൾ പാർട്സ് കടയിൽ‌ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ മറുപടി കേട്ട് ഞെട്ടി ! തന്റെ കൂടെ വന്നാൽ ദിവസം രണ്ടായിരം രൂപ നൽകാമെന്നാണ് ഓഫർ. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

തന്റെ സ്‌ഥാപനത്തിൽ ഭിക്ഷാടനത്തിനെത്തിയ ആളോട് കൈകാലുകളും നല്ല ആരോഗ്യവും ഉണ്ടല്ലോ പിന്നെന്തിനാണു ഭിക്ഷ യാചിക്കുന്നതെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടേ എന്നും വ്യാപാരി ചോദിച്ചു. തന്റെ സൈക്കിൾ സ്‌പെയർ പാർട്സ്‌ കടയിൽ ദിവസം 400 രൂപ കൂലിയിൽ ജോലിയും വാഗ്‌ദാനം ചെയ്തപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി.

യാചകന്റെ വാക്കുകൾ ഇങ്ങനെ: ‘ഭിക്ഷ നൽകുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചർച്ച വേണ്ട. ഞാനെന്തിന് നിന്റെ കടയിൽ ജോലി ചെയ്യണം?. ദിവസവും ഭിക്ഷ യാചിച്ച് രണ്ടായിരം രൂപയിലധികം സമ്പാദിക്കുന്നുണ്ട്. വേണമെങ്കിൽ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നൽകാം’.
Signature-ad

വലിയ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നതിന് ആളുകളെ എത്തിക്കുന്ന ഏജൻസികൾ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ വ്യാപാരിക്ക് യാചകൻ നൽകിയ ഓഫറിൽ അതിശയിക്കാൻ ഒന്നുമില്ലെന്നാണു ഭിക്ഷാടനത്തിനെതിരെ ശബ്‌ദിക്കുന്നവർ പറയുന്നത്.

‘തയ്യൽകാരുടെ ദുബായ്’ എന്ന് അറിയപ്പെടുന്ന തിരുപ്പൂർ ബനിയൻ സിറ്റിയിൽ ഭിക്ഷക്കാർ ഏറെയുണ്ട്. ബസ് സ്റ്റാൻഡുകളിലും സ്‌റ്റോപ്പുകളിലും റെയിൽവേ സ്‌റ്റേഷനിലും ഭക്ഷണ ശാലകൾക്കു മുന്നിലും എല്ലായിടത്തും ഇവരെ കാണാം. ആരാധനാലയങ്ങൾക്കു മുന്നിൽ നിരന്നിരിക്കുന്ന ഭിക്ഷക്കാരിൽ ഏറെപ്പേരും ഏജന്റുമാർ മുഖേന എത്തുന്നവരാണെന്നു പറയുന്നു.

വാഹനങ്ങളിൽ കൂട്ടമായി അവിടെ എത്തിച്ച് കമ്മിഷൻ വ്യവസ്ഥയിൽ ഭിക്ഷാടനം നടത്താൻ നിർബന്ധിക്കുകയാണ്. ചില ഏജന്റുമാർ ഒരു നേരത്തേക്കുള്ള ഭക്ഷണപ്പൊതി മാത്രം നൽകി ആളുകളെ ഭിക്ഷാടനത്തിനെത്തിക്കുന്നതായും ഭിക്ഷാടനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ പറയുന്നു.

Back to top button
error: