BusinessTRENDING

ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നീക്കം

ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ ചരക്ക് സേവന നികുതി കൗണ്‍സില്‍ (ജിഎസ്ടി) 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചേക്കും. ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് മേല്‍ നേരത്തെ കേന്ദ്രം നപ്പാക്കിയ 30 ശതമാനം നികുതിക്ക് പുറമെയാണ് 28 ശതമാനം ജിഎസ്ടി എന്നാണ് വിവരം.

വിഷയത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി സിഎന്‍ബിസി ടിവി18 റിപ്പോര്‍്ട്ട് ചെയ്തു. നിലവിലെ നികുതിക്ക് പുറമെ ജിഎസ്ടി കൂടി ഏര്‍പ്പെടുത്തിയാല്‍ രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് അത് ഇരട്ടി പ്രഹരമാവും. ക്രിപ്റ്റോ ട്രാന്‍സാക്ഷന്‍, മൈനിംഗ്, വില്‍പ്പനയും വാങ്ങലും തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമായേക്കും. കേന്ദ്ര നീക്കം ക്രിപ്റ്റോ മേഖലയിലേക്ക് എത്തുന്നവരെ പിന്തിരിപ്പിക്കുന്നതും നേട്ടത്തിന്റെ വലിയ പങ്കും കവരുന്നതാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ആണ് ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് 30 ശതമാനം നികുതി രാജ്യത്ത് നിലവില്‍ വന്നത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച ടിഡിഎസ് ജൂലൈ ഒന്നിന് പ്രബല്യത്തില്‍ വരും. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടെ ക്രിപ്റ്റോ, എന്‍എഫ്ടി മേഖലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഇന്നലെ ബിറ്റ്കോയിന്റെ വില.

Back to top button
error: