ന്യൂഡല്‍ഹി: ആഗോള ക്രിപ്റ്റോ കറന്‍സി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. പ്രമുഖ ക്രിപ്റ്റോയായ ബിറ്റ്‌കോയിനിന്റെ മൂല്യം 30,000 ഡോളറില്‍ താഴെയെത്തി. വന്‍ ഇടിവോടെ ലക്ഷക്കണക്കിനു കിപ്റ്റോ നിക്ഷേപകര്‍ ആശങ്കയിലായി. പതിമൂന്നു ശതമാനമാണ് ആഗോള ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റില്‍ ഇടിവുണ്ടായത്. 1.37 ലക്ഷം കോടിയാണ് നിലവില്‍ ക്രിപ്റ്റോ കറന്‍സി മാര്‍ക്കറ്റിന്റെ മൂല്യം കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിറ്റ് കോയിനിന്റെ വില 69,000 ഡോളറിനു മുകളില്‍ എത്തിയിരുന്നു. അതിനു ശേഷം ഇതുവരെ 55 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മറ്റു പ്രമുഖ ക്രിപ്റ്റോകളായ കാര്‍ഡാനോ (20 ശതമാനം), സാലേന (16 ശതമാനം), എക്സ്ആര്‍പി (13 ശതമാനം), ബിഎന്‍ബി (16 ശതമാനം), എഥീരിയം (10 ശതമാനം) എന്നിവയും വലിയ ഇടിവു രേഖപ്പെടുത്തി.
ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത് ക്രിപ്റ്റോയ്ക്കു തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനം നിക്ഷേപകരെ അകറ്റിയിട്ടുണ്ട്.