NEWSWorld

ശ്രീലങ്കയിൽ ആഭ്യന്തര കലാപം, ഭരണകക്ഷി എം.പിയെ ജനക്കൂട്ടം തല്ലിക്കൊന്നു; പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ രാജിവെച്ചു

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചു. 16 പേർക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിനിടെ ഭരണപക്ഷ എം.പി കൊല്ലപ്പെട്ടു. തന്റെ കാർ തടഞ്ഞവർക്കു നേരെ അമരകീർത്തി എം.പി വെടിയുതിർത്തു. പിന്നീട് ഇദ്ദേഹം പ്രതിഷേധക്കാരിൽനിന്നു രക്ഷനേടാൻ അഭയം പ്രാപിച്ച കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് മാധ്യമങ്ങൾ‌ റിപ്പോർട്ടു ചെയ്തു.

രാജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും കർഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്സെയ്ക്കു മേൽ മഹിന്ദയെ പുറത്താക്കാൻ സമ്മർദ്ദമേറുകയാണ്. സ്വയം പുറത്തുപോകാൻ മഹിന്ദ സന്നദ്ധനാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം ഉണ്ടായത്.

മഹിന്ദ രാജപക്സെ (76) രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരാമുന(എസ്.എൽ.പി.പി)യിൽനിന്നു തന്നെ സമ്മർദ്ദമുണ്ട്. എന്നാൽ തന്നെ പിന്തുണയ്ക്കുന്നവരെ മുൻനിർത്തി ഈ നീക്കത്തിന്റെ മുനയൊടിക്കാനുള്ള മഹിന്ദയുടെ നീക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.

മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തു. പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു. എങ്കിലും അതു മറികടന്നാണ് സർക്കാർ അനുകൂലികൾ പ്രതിഷേധക്കാരെ ആക്രമിച്ചത്. റയട്ട് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

Back to top button
error: