ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിന്റെ വീട്ടിലടക്കം നടത്തിയ എൻഫോഴ്സ്മെൻറ് റെയ്ഡില്‍ ഭീമമായ തുക കണ്ടെടുത്തു. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടില്‍ നിന്ന് 19കോടി രൂപയാണ് പിടിച്ചെടുത്തത്. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെ റാഞ്ചിയിലെ വീട്ടില്‍ നാല് പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്. 500ന്‍റെയും 2000ന്‍റെയുമെല്ലാം നോട്ടുകളായി 19 കോടി രൂപയാണ് പിടിച്ചെടുത്തത്.
സമീപകാലത്തെ ഇ.ഡിയുടെ വമ്പന്‍ കള്ളപ്പണ വേട്ടയാണിത്. 2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടി വെട്ടിച്ച കേസില്‍ കുന്തീ ജില്ലയിലെ ഒരു ജൂനിയര്‍ എഞ്ചിനീയറെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും അഴിമതിയുടെ പങ്ക് കൊടുത്തു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്ന് ഇഡി പറയുന്നു.
പഞ്ചാബ്, ബീഹാര്‍, മഹാരാഷ്ട്ര, ബംഗാള്‍, ജാര്‍ഖണ്ഡ് അങ്ങനെ അഞ്ച് സംസ്ഥാനങ്ങളില്‍ ഒരേ സമയം റെയ്ഡ് നടന്നു.
പൂജയുടെ ഭര്‍ത്താവ് എം.ഡിയായ റാഞ്ചിയിലെ ആശുപത്രിയടക്കം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഓഫീസുകളിലും വീടുകളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി. ഖനനത്തിന് അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് ഇ.ഡിയുടെ ഈ നീക്കം.
സമീപ കാലത്തെ ഏറ്റവും വലിയ കള്ളപ്പണ വേട്ടയില്‍ പ്രതി സ്ഥാനത്തുള്ള പൂജ സിംഗാൾ ഐഎഎസ് ഓഫീസറും ജാര്‍ഖണ്ഡ് ഗവണ്‍മെന്റിന്റെ മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സെക്രട്ടറിയുമാണ്. നിലവില്‍ ജാര്‍ഖണ്ഡ് സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍പേഴ്സണായും പൂജാ സിംഗാള്‍ പ്രവര്‍ത്തിക്കുന്നു.
നേരത്തെ ബി.ജെ.പി സര്‍ക്കാരില്‍ കൃഷി സെക്രട്ടറിയായി പ്രവര്‍ത്തിച്ച സമയത്ത് പലവിവാദങ്ങളിലും ഈ ഐഎഎസ് ഉദ്യോഗസ്ഥ അകപ്പെട്ടിരുന്നു. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ നേരത്തെ ഖുന്തി ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. ഛത്ര, ഖുന്തി, പലാമു ജില്ലകളില്‍ ഡെപ്യൂട്ടികമ്മീഷണറായിരിക്കെ പൂജക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ഉയര്‍ന്നിരുന്നു. പലാമുവിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ പൂജാ സിംഗാള്‍ 83 ഏക്കര്‍ ഭൂമി ഖനനത്തിനായി സ്വകാര്യ കമ്പനിക്കു കൈമാറി.
റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ഝായാണ് പൂജ സിംഗാളിനെ വിവാഹം കഴിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ പുര്‍വാറിനെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു പൂജ അഭിഷേക് ഝായെ വിവാഹം കഴിച്ചത്. പള്‍സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഡയറക്ടര്‍മാരിലൊരാളായ പൂജാ സിംഗാളിന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ് സിംഗാളും എംഎന്‍ആര്‍ഇജിഎ ഫണ്ട് അപഹരിച്ച കേസില്‍ ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.