KeralaNEWS

തൃശൂർ പൂരത്തിന് കേന്ദ്രത്തിന്റെ വിലക്ക്, വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം

 തൃശൂർ: സുരക്ഷ ചൂണ്ടിക്കാണിച്ച് പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും പെസോയുടെ അനുമതി തേടിയിരുന്നുവെങ്കിലും കാണികളെ റൗണ്ടിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.
തൃശൂരിൽ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ പരിശോധന നടത്തിയ കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗം കേരള മേധാവി ഡോ. പി. കെ റാണ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സുപ്രീംകോടതി നിർദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സാമ്പിൾ വെടിക്കെട്ടിന് കാത്തിരിക്കുകയാണ് പൂരപ്രേമികൾ. പെസോയുടെ നിർദേശമനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്ന പൊലീസ് മാർഗനിർദേശം പുറപ്പെടുവിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാല്‍ സ്വരാജ് റൗണ്ടിൽ നെഹ്‌റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷന്‍, ഇന്ത്യന്‍ കോഫി ഹൗസ് എന്നീ ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു.
പൂരം വെടികെട്ടിന്റെ തീവ്രത മുൻ വർഷങ്ങളേക്കാൾ വളരെയധികം കുറച്ചിട്ടും കാണികളെ വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് കയറ്റി നിര്‍ത്താത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രണ്ട് വർഷത്തെ വീർപ്പുമുട്ടൽ കഴിഞ്ഞുള്ള പൂരത്തിന് സാധാരണയിൽ കവിഞ്ഞുള്ള ആളുകൾ എത്തുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെടിക്കെട്ട് കാണാൻ ജനക്കൂട്ടം ഇരമ്പിയെത്തുന്നത് തിരക്ക് അനിയന്ത്രിതമാകാനും സുരക്ഷ കൈവിട്ട് പോകാനും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
പൂരം സുഗമമാക്കാനായി പോലീസ് നിയന്ത്രണങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തി. സാമ്പിൾ ദിവസമായ ഇന്ന് രാവിലെ മുതൽ നിയന്ത്രണങ്ങൾ നിലവിൽവന്നു. വാഹനപാർക്കിങ്ങിനായി നഗരത്തിൽ 124 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർഥന. പ്രധാനനിയന്ത്രണങ്ങളും സംവിധാനങ്ങളും ചുവടെ.

1 സാമ്പിൾ ദിവസമായ ഇന്ന് മുതൽ റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും പാർക്കിങ് അനുവദിക്കില്ല

2 വൈകീട്ട് മൂന്നുമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരുവാഹനവും റൗണ്ടിൽ പ്രവേശിപ്പിക്കില്ല

3 റൗണ്ടിലെ നെഹ്റുപാർക്ക് മുതൽ കോഫിഹൗസ് വരെയുള്ള ഭാഗങ്ങളിൽമാത്രമേ വെടിക്കെട്ട് സമയത്ത് ആളുകളെ പ്രവേശിപ്പിക്കൂ.

4 രാഗം തിയേറ്ററിന് സമീപമുള്ള ചെമ്പോട്ടിൽ ലെയിൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ റോഡിൽ വാഹനങ്ങളുടേതുൾപ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകാൻ പാടില്ല

5 ബസുകൾ റൗണ്ടിലേക്ക് പ്രവേശിപ്പിക്കാനും നിയന്ത്രണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: