യുക്രെയ്നിൽനിന്നു റഷ്യൻ സൈനികർ ടണ്‍കണക്കിനു ധാന്യവും വൻതോതിൽ കാർഷികോപകരണങ്ങളും മോഷ്ടിച്ചു. യുക്രെയ്നിലെ ഭക്ഷ്യസംഭരണകേന്ദ്രങ്ങൾ റഷ്യൻസേന ആക്രമിച്ചു തകർത്തുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തെക്കൻ യുക്രെയ്നിലെ ഖെർസൺ, സപോർഷ്യ എന്നിവിടങ്ങളിൽ സമീപ ആഴ്ചകളിലായിരുന്നു റഷ്യയുടെ കൊള്ള.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാജ്യമായ യുക്രെയ്നിൽ നടന്ന അതിക്രമം രാജ്യത്തെ വിളവെടുപ്പിനെ വരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റഷ്യയുടെ അധിനിവേശസമയത്ത് യുക്രെയ്നിൽ കയറ്റുമതിക്കായി വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിരുന്നു. ഏതാണ്ട് ആറു മില്യൻ ടണ്‍ ഗോതന്പും 15 മില്യൻ ടണ്‍ ചോളവും സജ്ജമാക്കിയിരുന്ന സമയത്തായിരുന്നു അധിനിവേശം.
ഇപ്പോഴത്തെ കണക്കനുസരിച്ച് ഏതാണ്ട് 4,00,000 ടണ്‍ ധാന്യങ്ങൾ റഷ്യ മോഷ്ടിച്ചിട്ടുണ്ടെന്നാണു യുക്രെയ്ൻ പ്രതിരോധമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.