MovieNEWS

തമിഴകത്തിൻ്റെ മനമിളക്കാൻ ‘അക്കാ കുരുവി’ ഇന്ന് എത്തുന്നു…! ചിൽഡ്രൻ ഓഫ് ഹെവൻ’ സിനിമയുടെ പുനരാവിഷ്‌ക്കാരം

മിഴ് സിനിമയിലെ വിവാദ സംവിധായകനാണ് സാമി. ഉയിർ, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങി സാമിയുടെ മിക്ക സിനിമകളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചർച്ചാ വിഷയമാകാറുണ്ട്. എന്നാലിപ്പോൾ ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കാൻ തക്ക വിധത്തിലുള്ള സിനിമകൾ അണിയിച്ചൊരുക്കി കളം മാറ്റി പയറ്റാൻ ഒരുങ്ങുകയാണ് സാമി. അതിൻ്റെ മുന്നോടിയായി ഇറാനിയൻ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാർ നോമിനേഷൻ ലഭിച്ച ‘ചിൽഡ്രൻ ഓഫ് ഹെവൻ’ എന്ന വിശ്വ പ്രസിദ്ധസിനിമ ‘അക്കാ കുരുവി’ എന്ന പേരിൽ പുനരാവിഷ്‌ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുന്നു സാമി.

‘അക്കാ കുരുവി’ യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലതാരങ്ങളായ പതിനൊന്ന് വയസ്സുകാരൻ മാഹിനും, ഏഴു വയസ്സുകാരി ഡാവിയായും മലയാളികൾ. ഇവർ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നു. ഇരുന്നോറോളം പേരെ ഒഡീഷൻ നടത്തിയതിൽ നിന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇവരുടെ മാതാ പിതാക്കളായി പ്രശസ്ത ക്ലാസ്സിക്കൽ നർത്തകി താരാ ജഗദാമ്പയും സെന്തിൽ കുമാറും അഭിനയിക്കുന്നു. യുവ നായകൻ ‘പരിയേറും പെരുമാൾ ‘ ഫെയിം കതിർ, തെന്നിന്ത്യൻ നായിക താരം വർഷാ ബൊല്ലമ്മ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ‘അക്കാ കുരുവി’യുടെ സവിശേഷതയാണ്.

Signature-ad

രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിൻ്റെ ദൃഷ്യാവിഷ്‌ക്കാരമായ ‘ചിൽഡ്രൻ ഓഫ് ഹെവൻ ‘ അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സിനിമയാണ്. അതു കൊണ്ട് തന്നെ ഇതിനെ തമിഴിൽ പുനരാവിഷ്‌ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സാമി പറയുന്നു. ‘അക്കാ കുരുവി’ക്ക് സംഗീത സംവിധാനം നിർവഹിക്കാൻ ഇളയരാജയെ സമീപിച്ചപ്പോൾ, ‘ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ. അതിനു ശേഷം നോക്കാം’ എന്നായിരുന്നു മറുപടി. കാരണം അദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ‘ചിൽഡ്രൻ ഓഫ് ഹെവൻ’. അതിനോട് എത്ര മാത്രം നീതി പുലർത്താൻ സാമിക്ക് കഴിയും എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് കാണിച്ചപ്പോൾ പൂർണ സംതൃപ്തനായ രാജ മൂന്ന് പാട്ടുകളും എഴുതി കൊടുത്ത് അതും ഷൂട്ട് ചെയ്തു ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതു പോലെ തന്നെ ‘ അക്കാ കുരുവി ‘ കണ്ട മജീദ് മജീദിയും തന്നെക്കാൾ നന്നായി പടം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചതും സാമിക്ക് അഭിമാനത്തിന് വക നൽകുന്നു. ഒപ്പം ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ മലയാളിയായ ഉത്പൽ. വി.നായനാരെയും മജീദ് മജീദിയും രാജയും പ്രത്യേകം പ്രസംസിച്ചു. ഒരു ദേശീയ അവാർഡ് ലഭിച്ച പ്രതീതിയാണ് ഈ അഭിനന്ദനങ്ങൾ സാമിക്കും ഉത്പലിനും നൽകിയിരിക്കുന്നത്.

ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിനും, യുവ തലമുറക്കും രക്ഷിതാക്കൾക്കും ആത്മ വിശ്വാസവും പ്രചോദനവും നൽകുന്ന ഒരു പ്രമേയത്തിൻ്റെ രസകരമായ ചലച്ചിത്രാവിഷ്ക്കാരമാണ് ‘അക്കാ കുരുവി.’ മധുരൈ മുത്തു മൂവീസും, കനവ് തൊഴിൽ ശാലയും സംയുക്തമായി നിർമ്മിച്ച ‘അക്കാ കുരുവി’ ഇന്ന് തമിഴ് നാട്ടിലും മെയ് മൂന്നാം വാരം കേരളത്തിലും റീലീസ് ചെയ്യും.

സി.കെ അജയ് കുമാർ

Back to top button
error: