അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്‍റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്‍റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക.
1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്‍റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.
ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്‍റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.