തിരുവനന്തപുരം: നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണ സംഘം പരിശോധിക്കുന്നതു രണ്ടു ലക്ഷത്തോളം ഫയലുകൾ. ക്രൈംബ്രാഞ്ചിലെ സൈബർ വിദഗ്ധരായ നൂറോളം പൊലീസ് ഉദ്യോസ്ഥരാണു വിവിധ സംഘങ്ങളായി ഇതു പരിശോധിക്കുന്നത്. ഇത്രയും ഡിജിറ്റൽ തെളിവുകൾ കോടതിയിലെത്തുമ്പോൾ പീഡന കേസിലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രോസിക്യൂഷനു ബലമേകുമെന്നാണു ക്രൈംബ്രാഞ്ച് ഉന്നതരുടെ വിലയിരുത്തൽ.
ക്രൈംബ്രാഞ്ച് മേധാവി മാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മാറ്റമില്ലാത്തതിനാൽ മറ്റ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ അന്വേഷണം നേരായ ദിശയിൽ പൂർത്തിയാകും. എങ്കിലും പുതിയ മേധാവിയുടെ നിലപാടു കേസിൽ നിർണായകമാണ്.
രണ്ട് ടെറാബൈറ്റ് ഡിജിറ്റൽ തെളിവുകളാണ് അന്വേഷണ സംഘം ഇപ്പോൾ ശേഖരിച്ചിട്ടുള്ളത്. ഒരു ടെറാബൈറ്റ്= 1000 ജിബി (217 ഹൈ ക്വാളിറ്റി സിനിമകൾക്കു സമം). രണ്ട് ടെറാബൈറ്റ്– 434 ഹൈ ക്വാളിറ്റി സിനിമകൾക്കു തുല്യം. അത്രയും ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പുകൾ, ശബ്ദ സന്ദേശങ്ങൾ, വാട്സാപ് സന്ദേശങ്ങൾ, ചിത്രങ്ങൾ, ഇ മെയിലുകൾ എന്നിവ പൊലീസ് ശേഖരിച്ചതായി ഉന്നതർ വ്യക്തമാക്കി. ഇതിൽ നടൻ ദിലീപിന്റെ മൊബൈൽ ഫോണുകളിൽ നിന്നു നീക്കം ചെയ്ത ഡിജിറ്റൽ രേഖകളും ഉൾപ്പെടും.
മുംബൈയിലെ ഒരു സ്വകാര്യ ലാബിലാണ് ഇവയെല്ലാം നീക്കം ചെയ്തതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ നശിപ്പിച്ചതിന്റെ എല്ലാം ഒരു പകർപ്പ് അവർ പുണെയിലെ ഓഫിസ് ആസ്ഥാനത്തെ ഒരു കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്നു. ആദ്യം അവർ പൊലീസുമായി സഹകരിച്ചില്ല. എന്നാൽ ലാബിലെ എല്ലാ കംപ്യൂട്ടറുകളും കസ്റ്റഡിയിലെടുക്കുമെന്നും ബന്ധപ്പെട്ടവർ അറസ്റ്റിലാകുമെന്നും സൂചന ലഭിച്ചതോടെ നശിപ്പിച്ചവയടക്കം അവർ കൈമാറിയെന്നാണു സൂചന.
ക്രൈംബ്രാഞ്ച് സംഘം പുണെയിലെത്തുമ്പോൾ പ്രതികളുമായി ബന്ധമുള്ള ചില അഭിഭാഷകരുടെ സാന്നിധ്യവും അവർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. രാജ്യത്തെ ചില വമ്പൻമാരുടെ ആദായ നികുതി രേഖകൾ അടക്കം ഈ സ്ഥാപനമാണു കൈകാര്യം ചെയ്യുന്നത്. കേരള പൊലീസ് കംപ്യൂട്ടറും ഹാർഡ് ഡിസ്കുമെല്ലാം കൊണ്ടുപോയാൽ ഒരു കേസിനു പകരം പല കേസിലും വെട്ടിലാകുമെന്ന മുന്നറിയിപ്പും അവർക്കു ലഭിച്ചിരുന്നു.
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ തെളിവുകൾ നശിപ്പിച്ചതിനും കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള ദൃശ്യങ്ങൾ കൈവശപ്പെടുത്തിയതിനും തെളിവുകൾ ലഭിച്ചതായി കോടതിയെ അറിയിക്കണമെന്ന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചിരുന്നു.
മായ്ച്ചു കളഞ്ഞ മൊബൈൽ ഫോണുകളിൽനിന്ന് അടക്കം 11,161 വിഡിയോകൾ വീണ്ടെടുത്തു. ശബ്ദ സന്ദേശങ്ങളിൽ 11,238 എണ്ണം പരിശോധിച്ചു. പതിനായിരത്തിലേറെ ഫയലുകൾ ഇനിയും പരിശോധിക്കാനുണ്ട്. ചിത്രങ്ങളും മറ്റു രേഖകളും പതിനായിരക്കണക്കിനുണ്ട്.
ആരും മിണ്ടുന്നില്ല; എഡിജിപിയും മൗനത്തിൽ
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഏറ്റവും സുപ്രധാന കേസുകളായ നടിയെ പീഡിപ്പിച്ച കേസും അന്വേഷണ സംഘത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസും സംബന്ധിച്ച് ഒരു വിവരവും മാധ്യമങ്ങൾ നൽകരുതെന്നാണ് കർശന നിർദ്ദേശം.
അന്വേഷണത്തിനു ശക്തമായ നേതൃത്വം നൽകിയ എഡിജിപി എസ്.ശ്രീജിത്തിനെ മാറ്റിയശേഷം പകരം നിയമിച്ച ജയിൽ എഡിജിപി ഷേഖ് ദർവേഷ് സാഹിബ് മൗനത്തിലാണ്. കേസ് വിവരം മാധ്യമങ്ങൾക്കു നൽകരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയ ശേഷമാണ് അദ്ദേഹവും സ്വയം മൗനിയായത്.
ഇദ്ദേഹം ചുമതലയേൽക്കുന്നതിനു മുൻപു തീരുമാനിച്ച കാര്യങ്ങളാണ് അന്വേഷണ സംഘം ഇപ്പോൾ ചെയ്യുന്നത്. അതിനാൽ വരും ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ നിർദേശം അന്വേഷണ സംഘത്തിനു പ്രധാനമാണ്.