മോസ്‌കോ: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് സൈന്യം പരിശീലനം നടത്തിയിരുന്നുവെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. യുക്രെയ്ന്‍ സൈനികരും സാധാരണക്കാരും കഴിയുന്ന മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിക്കു നേരെ റഷ്യന്‍ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ആണവ മിസൈലുകൾ പരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
പടിഞ്ഞാറന്‍ നഗരമായ കലിനിന്‍ഗ്രാഡിലാണ് റഷ്യന്‍ സൈന്യം ഇത്തരത്തിൽ മിസൈൽ പരിശീലനം നടത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള ബാള്‍ട്ടിക് സമുദ്രമേഖലയിലാണ്് റഷ്യന്‍ സൈന്യം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിലുള്ള ഇസ്‌കാന്‍ഡര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനത്തിന്റെ ‘ഇലക്‌ട്രോണിക് ലോഞ്ച്’ നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഒറ്റ, ഇരട്ട ലക്ഷ്യങ്ങള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തായിരുന്നു പരീക്ഷണം. നൂറോളം സൈനികരാണു പരീക്ഷണത്തില്‍ പങ്കെടുത്തത്.
നാറ്റോ സഖ്യരാജ്യങ്ങള്‍ യുക്രെയ്‌ന് സൈനികസഹായം നല്‍കിയാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവസേനാ വിഭാഗത്തോട് സജ്ജരായിരിക്കാന്‍ ക്രെംലിന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഫെബ്രുവരി 24 മുതല്‍ റഷ്യന്‍ സേന യുക്രെയ്‌നില്‍ നടത്തുന്നത് പ്രത്യേക സൈനിക നടപടി മാത്രമാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ മേയ് ഒൻപതിനു റഷ്യ ചില ‘നിര്‍ണായക’ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു; ഒരുപക്ഷേ ഒരു യുദ്ധപ്രഖ്യാപനം തന്നെ. മേയ് 9 റഷ്യയ്ക്ക് പ്രധാനപ്പെട്ട തീയതികളിലൊന്നാണ്. 1945 മേയ് 9 നാണ് രണ്ടാംലോക മഹായുദ്ധത്തില്‍ നാത്സി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്.