BusinessTRENDING

ട്വിറ്റര്‍ ഇനി സൗജന്യമാകില്ല; വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ കമ്പനിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. എല്ലാവര്‍ക്കും സൗജന്യമായി ട്വിറ്റര്‍ ലഭ്യമാക്കാതെ വാണിജ്യ ഉപയോഗത്തിനും സര്‍ക്കാര്‍ സേവനത്തിനുമൊക്കെയുള്ള അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കിയാലോ എന്നാണ് മസ്‌കിന്റെ പുതിയ ചിന്ത. സാധാരണ ഉപഭോക്താക്കള്‍ക്ക് എന്തായാലും തല്‍ക്കാലും ഫീസ് ഒന്നും ബാധകമാകില്ല. ട്വിറ്ററിന്റെ റീച്ച് ഉയര്‍ത്താനാണ് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നത്.

ഇലോണ്‍ മസ്‌ക് തന്നെയാണ് ഒരു ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇതിനേക്കുറിച്ച് വിശദീകരിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ തയാറായിട്ടില്ല. ട്വിറ്ററില്‍ കുറെയേറെ മാറ്റങ്ങള്‍ വരുത്താന്‍ ഇലോണ്‍ മസ്‌കിന്റെ നിര്‍ദ്ദേശമുണ്ട്. പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് പ്ലാറ്റ്ഫോം മെച്ചപ്പെടുത്താനും അല്‍ഗരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി ട്വിറ്ററിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാനും മസ്‌ക് പദ്ധതിയിടുന്നുണ്ട്.

Signature-ad

ട്വിറ്റര്‍ ബ്ലൂ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സേവനത്തിന്റെ നിരക്കുകള്‍ കുറച്ചേക്കും എന്നും സൂചനയുണ്ട്. നിരക്കുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് കുറിച്ച് മസ്‌ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ ആഴ്ച ആദ്യം ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ഷിക യോഗത്തില്‍, ട്വീറ്റുകള്‍ എങ്ങനെ പ്രമോട്ടുചെയ്യുന്നു എന്നത് സംബന്ധിച്ച് ട്വിറ്റര്‍ കൂടുതല്‍ സുതാര്യമാകണമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. സോഫ്റ്റ്വെയര്‍ പൊതുവായി ലഭ്യമാക്കണമെന്നും ഇടപെടലുകള്‍ സുതാര്യമാക്കണമെന്നും ഒക്കെ മസ്‌ക് സൂചിപ്പിച്ചിരുന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ വിശ്വ സമ്പന്നന്‍ ഇലോണ്‍ മസ്‌ക് 3.67 ലക്ഷം കോടി രൂപയ്ക്കാണ് ട്വിറ്റര്‍ ഏറ്റെടുത്തത്. തന്റെ വിമര്‍ശകരും ഇനി ട്വിറ്ററില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യകമ്പനിയായി. ഇതിനിടയില്‍ ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്.

പുതിയ സിഇഒയെ ഇതിനോടകം തന്നെ തീരുമാനിച്ചതായും വിവരമുണ്ട്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ സിഇഒ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. നിലവിലെ മാനേജ്‌മെന്റില്‍ സംതൃപ്തിയില്ലെന്ന് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനേജ്‌മെന്റ് തലത്തില്‍ മസ്‌ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി സൂചനയും നല്‍കി. ട്വിറ്റര്‍ നിയമകാര്യ മേധാവി വിജയ ഗഡെയെയും ഒഴിവാക്കാന്‍ മസ്‌ക് ആലോചിക്കുന്നുണ്ട്.

Back to top button
error: