NEWS

പൂര ലഹരിയിൽ തൃശൂർ, കൊടിയേറ്റം ഇന്ന്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് ഷീന സുരേഷ് എന്ന വീട്ടമ്മ

തൃശൂർ: പൂരം ഇത്തവണ കെങ്കേമമാകും. അതിനായി തൃശൂർ ഒരുങ്ങി കഴിഞ്ഞു.               ഈ വർഷത്തെ പൂരം നടത്തിപ്പിനായി സർക്കാർ 15 ലക്ഷം രൂപ ധനസഹായം നൽകുന്നു. ഇതാദ്യമായാണ് തൃശൂർപൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. പൂരം എഴുന്നെള്ളിപ്പില്‍ പങ്കെടുക്കുന്ന ആനകളുടെ സാധ്യത പട്ടിക പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ പുറത്ത് വിട്ടു. 87 ആനകളാണ് ഇരു ദേവസ്വങ്ങള്‍ക്കുമായി അണിനിരക്കുക.

പൂരത്തിന് ഇന്ന് കൊടിയേറും.

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് പൂരം.

എട്ടിനാണ് സാമ്പിൾ.

പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൗണ്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരത്തിന്‍റെ പ്രധാന പങ്കാളികളിലൊരാളാണ് പാറമേക്കാവ്. ഇവിടെയാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30നും ഇടയിലുളള മുഹൂർത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.
തിരുവമ്പാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഷൊര്‍മൂര്‍ റോഡിലാണ്. ഇവിടെ 10.30നും 10.55നും ഇടയിലാണ് കൊടിയേറ്റം.
പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും
പൂരത്തില്‍ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും. പൂരലഹരിയിലാണ് തൃശൂരും തട്ടക ദേശങ്ങളും.

തൃശ്ശൂര്‍ പൂരത്തിന് ഇക്കുറി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി സ്വദേശി പന്തലങ്ങാട്ട് വീട്ടില്‍ ഷീന സുരേഷ് എന്ന വീട്ടമ്മ
മണ്ണിനും വിണ്ണിനുമിടയില്‍ സപ്ത വര്‍ണ്ണങ്ങള്‍ വാരിവിതറി മനസ്സില്‍ മായാത്ത മാരിവില്ലിന്‍ സൗന്ദര്യം നുകരാന്‍ കരിമരുന്നിനാല്‍ കളമൊരുക്കുന്ന പെണ്ണഴക്, ഷീന സുരേഷ്.
മാനത്ത് ദിഗന്തങ്ങള്‍ ഭേദിക്കുമാറ് ഉച്ചത്തില്‍ ഡൈനയും, ഗുണ്ടും ഹുങ്കാരം മുഴക്കുമ്പോള്‍, പലവിധ ചായങ്ങള്‍ പടര്‍ത്തുന്ന വര്‍ണ്ണകുടകള്‍ പൊട്ടിവിടരുമ്പോള്‍ ആത്മധൈര്യത്തിന്റെ ആള്‍രൂപമായ പെൺകരുത്ത്.

പൂരം എഴുന്നെള്ളിപ്പില്‍ പങ്കെടുക്കുന്ന ആനകളുടെ പട്ടികയിൽ പാറമേക്കാവിന്റെ 45 ആനകളും തിരുവമ്പാടിയുടെ 42 ആനകളുമുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ പാറമേക്കാവിനായി അണിനിരക്കും. നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുര വാതില്‍ തുറന്ന് പൂര വിളംബരം നടത്തുന്നതിന് എത്തുന്നതും ശിവകുമാര്‍ തന്നെയാണ്. കൂടാതെ ഗുരുവായൂര്‍ നന്ദനും പാറമേക്കാവ് കാശിനാഥനും എഴുന്നെള്ളിപ്പുകള്‍ക്കുണ്ടാകും. തെച്ചിക്കോട്ടുകാവ് ദേവീദാസനും കൂടല്‍മാണിക്യം മേഘാര്‍ജുനനും പാറമേക്കാവിനുണ്ട്. സ്വന്തം ആനയായ തിരുവമ്പാടി ചന്ദ്രശേഖരന്‍ തന്നെയാണ് തിരുമ്പാടിയുടെ തിടമ്പാന. പാറന്നൂര്‍ നന്ദനും ഗുരുവായൂര്‍ സിദ്ധാര്‍ഥനും കുട്ടന്‍കുളങ്ങര അര്‍ജുനനും തിരുവമ്പാടി പട്ടികയിലുണ്ട്.

Back to top button
error: