LocalNEWS

ഇത്തിത്താനം ചാലച്ചിറ തോട് വീണ്ടും ചീഞ്ഞുനാറുന്നു

ഇത്തിത്താനം: കാലംതെറ്റിപെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വീട്ടുമാലിന്യങ്ങള്‍ മൂലം ചാലച്ചിറതോട് വീണ്ടും ചീഞ്ഞുനാറാന്‍ തുടങ്ങി. ചെമ്പുചിറയില്‍ നിന്നും പൊന്‍പുഴ വഴി ഒഴുകിയെത്തുന്ന കൈത്തോട്ടിലൂടെയാണു കുട്ടികളുടെ സ്‌നണ്മി മുതല്‍ അജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുമാലിന്യങ്ങള്‍ വരെ ചാലച്ചിറതോട്ടില്‍ അമ്പലക്കുളത്തിനു സമീപം അടിഞ്ഞുകിടക്കുന്നത്. ഇവിടം മുതല്‍ ചാലച്ചിറതോട് മാലിന്യവാഹിനിയായി മാറുകയാണ്.

രൂക്ഷഗന്ധമാണ് ഇപ്പോള്‍ തോട്ടില്‍ നിന്നും ഉയരുന്നത്. പണ്ട് കരിക്കണ്ടം പാടത്ത് കൃഷിയില്ലാത്തതായിരുന്നു ഇതിനുകാരണമായി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പാടത്ത് കൃഷി തുടങ്ങിയ സ്ഥിതിക്ക് ഇനി ആ കാരണം പറയാന്‍ കഴിയില്ല.കൊച്ചുപറമ്പില്‍ കടവ് മുതല്‍ വെള്ളം കറുത്തിരുണ്ട നിലയിലാണ്. ഇതുമൂലം സമീപത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ നിറവും രുചിയും മാറിത്തുടങ്ങിയതായി സമീപവാസികള്‍ പറയുന്നു.
ഇക്കാര്യം ആരോഗ്യവകുപ്പുകാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തോടിനു സമീപത്തുള്ള വീടുകളിലെ അടുക്കള മാലിന്യങ്ങളെല്ലാം തള്ളുന്നതു തോട്ടിലേക്കായതുകൊണ്ടാണ് വെള്ളം കറുത്തിരുളാന്‍ കാരണമെന്നാണ് അവര്‍ പറഞ്ഞത്.

Signature-ad

തോട് വൃത്തിയാക്കുക മാത്രമാണ് പോംവഴിയെന്നാണ് ആരോഗ്യവകുപ്പുകാര്‍ പറയുന്നു. കിണറുകളില്‍ ക്ലോറിനൈസേഷന്‍ നടത്തണമെന്ന് സമീപവാസിയായ സുനിലും കുടുംബവും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും പുഴ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് വൃത്തിയാക്കുകയും ചെയ്താല്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം വരും.

കഴിഞ്ഞകാലങ്ങളില്‍ ചെയ്തതുപോലെ തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ടുവന്ന് ചൂണ്ടയിടുന്നതുപോലെ കരയില്‍ നിന്ന് തോട്ടിയ്ക്ക് തോണ്ടുന്ന രീതി ആവര്‍ത്തിക്കാതെ തോട്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്ന കാര്യങ്ങള്‍ ഭരണസമിതി അനുവര്‍ത്തിക്കണമെന്ന് ഇത്തിത്താനം വികസനസമിതി യോഗം ആവശ്യപ്പെട്ടു.
ചാലച്ചിറത്തോട്ടിലെ വെള്ളത്തെ ആശ്രയിച്ചു ജലനിധി പദ്ധതിയടക്കം മൂന്നുനാലു കുടിവെള്ള പദ്ധതികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുര്‍ഗന്ധംവമിക്കുന്ന ഈ വെള്ളമാണു ജനങ്ങള്‍ ഉപയോഗിക്കുന്നതെന്ന ധാരണ അധികാരികള്‍ക്കുണ്ടാവണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടവര്‍ ഇക്കാര്യത്തില്‍ അനാസ്ഥവെടിയണമെന്നും യോഗം ആവശ്യപ്പെട്ടു.

Back to top button
error: