KeralaNEWS

ആട്ടവും പാട്ടും ആർദ്രസ്മരണകളും കൊണ്ട് സ്നേഹപ്പെരുമഴ പെയ്ത ചാമപ്പാറ കുടുംബയോഗം

നുഭവസമ്പന്നമായ 4 തലമുറകളുടെ സമാഗമം ആർദ്രസ്മരണകളുടെയും അതിരുകളില്ലാത്ത സ്നേഹവായ്പിൻ്റെയും അപൂർവ്വ മുഹൂത്തങ്ങളൊരുക്കി.
5 തലമുറകളിലായി നാട്ടിലും മറുനാട്ടിലുമായി പരന്നുകിടക്കുന്ന ചാമപ്പാറക്കാരുടെ കുടുംബയോഗം ആളും അർത്ഥവും ആരവുമായി മുണ്ടക്കയം ‘ഷാസ് നികുഞ്ച’ത്തിൽ നടന്നു.

നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്
157 പേരാണ് എല്ലാ തിരക്കുകളും മാറ്റി വച്ച് ചാമപ്പാറ കുടുംബ മേളയുടെ ആരവത്തിലേക്ക് ഒഴുകി എത്തിയത്

പറൂരിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്
കിഴക്കൻ മലയോരമായ പെരുവന്താനത്ത് എത്തിച്ചേർന്ന കുഞ്ചു എന്ന പൂർവ്വികനാണ് ചാമപ്പാറ കുടുംബത്തിൻ്റെ അമരക്കാരൻ.

കിഴക്കൻ മലയോരത്തെ തോട്ടത്തിൽ കങ്കാണിയായി എത്തിയ കുഞ്ചു
പിന്നീട് തുണിക്കച്ചവടക്കാരനായി.
തുടർന്ന് അംഗീകൃത കറുപ്പ് കച്ചവടക്കാരൻ,
പലചരക്കു വ്യാപാരി,
തടി കച്ചവടക്കാരൻ തുടങ്ങിയ പ്രവർത്തിച്ച നിലകളിലെല്ലാം തിളങ്ങുകയും സാമ്പത്തികമായി ഉയർച്ച നേടുകയും ചെയ്തു .

ചാമപ്പാറ കുഞ്ചു താമസിക്കുകയും
ബിസിനസ് തുടങ്ങുകയും ചെയ്ത പ്രദേശം ഇന്ന് ചാമപ്പാറ എന്ന പേരിലാണ് അറിയപ്പെടുന്നത്.

കുറഞ്ഞകാലം കൊണ്ടു തന്നെ സമ്പന്നൻ ആയി മാറിയ കുഞ്ചുവിനെ നാട്ടുകാർ കുഞ്ചു മുതലാളി എന്നാണ് വിളിച്ചിരുന്നത്.

കിഴക്കൻ മലയോരത്ത് കാലുറപ്പിച്ച് നിൽക്കാമെന്ന് വന്നതോടെ കുഞ്ചു പറൂരിൽ നിന്നും സഹോദരിമാരെയും മറ്റു ബന്ധുക്കളെയും കൊണ്ടുവന്ന് ചാമപ്പാറ കൂടുംബത്തിൻ്റെ സംഘ ശക്തി വർധിപ്പിച്ചു.

എല്ലാവരും ചേർന്ന് കുഞ്ചു ജീവിവിക്കുന്ന വലിയ ഇരുനിലവീട്ടിൽ കൂട്ടുകുടുംബം ആയി ജീവിക്കുകയായിരുന്നു.

അവിടെ നിന്ന് ആരംഭിച്ച
ചാമപ്പാറ കുടുംബത്തിൻ്റെ ചരിത്രം ഇന്ന് അഞ്ചാം തലമുറയിൽ എത്തിനിൽക്കുന്നു.

ആദ്യ തലമുറയിലെ എല്ലാവരും തന്നെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു
ശേഷിക്കുന്ന നാല് തലമുറകളുടെ സംഗമമാണ് മുണ്ടക്കയത്ത് കഴിഞ്ഞ ദിവസം നടന്നത്.

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന കുടുംബ സംഗമം രാവേറെ വൈകിയാണ് സമാപിച്ചത്.

പാട്ടും ആട്ടവും അടക്കമുള്ള
കലാമേളയുടെ അകമ്പടിയോടെ നടന്ന
കുടുംബമേള ഏറെ ആസ്വാദ്യമായിരുന്നു.

എരിഞ്ഞടങ്ങിയ ഇന്നലെകളുടെ ഓർമ്മകൾ തിരിച്ചുപിടിക്കാനുള്ള നാല് തലമുറകളുടെ
മോഹമാണ് ഇവിടെ പൂവണിഞ്ഞത്.

പതിറ്റാണ്ടുകൾക്കിടയിൽ പിടി മുറ്റാത്ത വിധം വളർന്ന് ശാഖോപശാഖകളായി പടർന്ന
ചാമപ്പാറ കുടുംബത്തിലെ അംഗങ്ങൾക്ക്
ഒരിക്കലും മറക്കാനാവാത്ത
അസുലഭ നിമിഷങ്ങളാണ് കുടുംബമേള സമ്മാനിച്ചത്

തങ്ങളുടെ കുടുംബ പരമ്പരയിലെ
മുതിർന്നവരെ ഏറെ കൗതുകത്തോടെ, കരുതലോടെ, സന്തോഷത്തോടെയാണ്
നാലാം തലമുറയിലെ ഇളമുറക്കാർ കണ്ടത്.

വർഷങ്ങളുടെ ഇടവേളയിൽ
ഒരു നിയോഗം പോലെ ലോക തൊഴിലാളി ദിനത്തിൽ കണ്ടുമുട്ടിയവർ
അണപൊട്ടിയ സന്തോഷത്തിൽ
കെട്ടിപ്പിടിച്ച്, കണ്ണീർ പൊഴിച്ച്, സ്നേഹം പങ്കുവച്ചത് പുതിയ യുഗത്തിൻ്റെ കെട്ടുകാഴ്ചയിൽ അഭിരമിക്കുന്ന ഇളമുറക്കാർക്ക് അത്ഭുതക്കാഴ്ചയായിരുന്നു, അവിശ്വസനീയമായ അനുഭവമായിരുന്നു

ബന്ധത്തിൻ്റെ ശക്തിയും സ്നേഹത്തിൻ്റെ ആഴവും നാലാം തലമുറയിലെ
ഇളമുറക്കാർ ഈ സംഗമത്തിൽ തൊട്ടറിഞ്ഞു

രണ്ടാം തലമുറയിലെ കാരണവർ ചാമപ്പാറ ദാസ് കുടുംബ സംഗമത്തിൽ അധ്യക്ഷതവഹിച്ചു

ഇളമുറയിലെ സംഗീതത്തിൻ്റെ പതാകവാഹകൻ
അക്ഷയ രോഹിത് ഷാ പ്രാർത്ഥനാ ഗീതം ആലപിച്ചു

ഷാജി ഷാസ് സ്വാഗതവും സബിൻ ബാബു
ആമുഖ പ്രസംഗവും നടത്തി
തുടർന്ന് നാല് തലമുറയിലെ
കുടുംബങ്ങളിലെ കുടുംബാംഗങ്ങളെ അതത് ഗൃഹനാഥന്മാർ പരിചയപ്പെടുത്തി.

കുട്ടികളും മുതിർന്നവരും കലാമേളയെ പങ്കാളിത്തം കൊണ്ടു സജീവമാക്കി.

നാല് തല മുറയിലെയും മുതിർന്നവരെ ഇളം തലമുറ പൊന്നാട അണിയിച്ച് ആദരിച്ചു.

കേക്ക് മുറിച്ചും, മധുരം വിളമ്പിയും 7 പേരുടെ ജന്മദിനം ആഘോഷിച്ചു.

എല്ലാവരും പങ്കുചേർന്ന് സംഘഗാനങ്ങളുടെ
അകമ്പടിയോടെ നടത്തിയ
സംഘനൃത്തങ്ങൾക്കു ശേഷം രാവേറെ വൈകി ദേശീയ ഗാനത്തോടെ ചാമപ്പാറ മെഗാ കുടുംബ സംഗമത്തിന് കൊടിയിറങ്ങി.

2023 മെയ് ഒന്നിന് അടുത്ത ചാമപ്പാറ
കുടുംബ സംഗമം കോട്ടയത്ത് നടക്കും

ഇതിനിടയിൽ ഓരോ മാസവും
അതത് കുടുംബങ്ങളുടെ കൂടിച്ചേരലുകൾ
യഥാക്രമം നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: