KeralaNEWS

ഷവര്‍മ കഴിച്ച് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്, രണ്ടാമതൊരാൾ ഗുരുതരാവസ്ഥയിൽ; 39 പേര്‍ ചികിത്സയില്‍

കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കണ്ണൂര്‍ കരിവളളൂരിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കൂടുതല്‍ പേര്‍ ചികത്സയില്‍ തേടി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ 31 പേരും ചെറുവത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 8 പേരുമാണ് ചികിത്സ തേടിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് ആരോഗ്യ, റവന്യൂ വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏപ്രിൽ 29ന് ചെറുവത്തുരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളിൽ നിരവധി പേരാണ് ശനി, ഞായർ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു ഷവർമ കഴിച്ചവർക്കാണു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്നു കണ്ടെത്തിയത്. കൂൾബാർ അടപ്പിച്ചതായി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു.  ജനരോഷം ഭയന്ന് കൂൾബാറിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കൂൾബാറിന് നേരെ കല്ലേറുണ്ടായി. ചെറുവത്തൂര്‍ ബസ് സ്റ്റാഡിന് സമീപത്താണ് ഈ കൂള്‍ബാര്‍. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ കൂള്‍ബാറിലേക്ക് വരികയായിരുന്നു.
കടയിൽ നിന്ന് ഭക്ഷ്യ സാംപിളുകൾ ശേഖരിച്ചു. ഷവര്‍മയില്‍ ഉപയോഗിച്ച ഇറച്ചി പഴക്കമുള്ളതാണോ എന്നറിയാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ലൈസന്‍സിനായി നല്‍കിയ അപേക്ഷ കടയില്‍ പതിപ്പിച്ച്‌ തട്ടിപ്പ് നടത്തുകയായിരുന്നു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മംഗല്‍രു സ്വദേശി അനക്‌സ്, ഷവര്‍മ്മ മേക്കര്‍ നേപ്പോള്‍ സ്വദേശിനി സന്ദേശ് റായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടയുടെ ഉടമസ്ഥന്‍ വിദേശത്താണ്. മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ​ഗോവിന്ദന്‍ അറിയിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥികളെ ജനപ്രതിനിധികളും കലക്ടറും സന്ദർശിച്ചു. എം.എൽ.എ മാരായ എം.രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത,
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, സബ് കളക്ടർ ഡി ആർ മേഘശ്രീ, തഹസിൽദാർ മണിരാജ് തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: