KeralaNEWS

പെരിയ കേസ്: സിബിഐ അന്വേഷണം തടയാൻ വാദിച്ച അഭിഭാഷകന് 24.5 ലക്ഷം ഫീസ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു സംസ്ഥാനത്തു ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിനിടെ പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം തടയാനായി വാദിച്ച സുപ്രീം കോടതി അഭിഭാഷകൻ മനീന്ദർ സിങ്ങിന് 24.5 ലക്ഷം രൂപ സർക്കാർ ഫീസ് അനുവദിച്ചു. പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ വാദിച്ചതിനാണു പ്രതിഫലം.

ഫെബ്രുവരി 21ന് അഡ്വക്കറ്റ് ജനറൽ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിച്ചിരിക്കുന്നത്. സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലായ കേസിൽ പൊതു പണം ഉപയോഗിച്ച് സിബിഐ അന്വേഷണം തടയാനുള്ള സർക്കാർ നീക്കം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഈ കേസിൽ സിബിഐ അന്വേഷണം തടയാനുള്ള കോടതി വാദങ്ങളുടെ ഫീസിനത്തിൽ മാത്രം സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. വൻ തുക പ്രതിഫലം പറ്റുന്ന അഭിഭാഷകരായ രഞ്ജിത്ത് കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നിവരാണ് പല ഘട്ടങ്ങളിലായി സർക്കാരിനു വേണ്ടി വാദിക്കാൻ കോടതികളിൽ എത്തിയത്. എന്നാൽ സുപ്രീം കോടതി അപ്പീൽ തള്ളിയതോടെ പൊതു ഖജനാവിലെ പണം ഒഴുക്കിയുള്ള പോരാട്ടം വെറുതെയായി.

2019 സെപ്റ്റംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 21 പേരാണ് സിബിഐ അന്വേഷണത്തിൽ പ്രതിസ്ഥാനത്തുള്ളത്. നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തു. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

Back to top button
error: