ന്യൂഡല്‍ഹി: ജഹാംഗീര്‍പുരി വര്‍ഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ പശ്ചിമ ബംഗാളില്‍ അറസ്റ്റില്‍. നീതുവെന്നുകൂടി വിളിപ്പേരുള്ള ഫരീദിനെയാണ് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
താംലുക് ഗ്രാമത്തിലെ ബന്ധുവിന്റെ വസതിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ വലയിലായത്. ഫരീദിനെ ഇന്നലെ െവെകി വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ചു. വര്‍ഗീയ ലഹളയ്ക്കു വഴിമരുന്നിട്ടതില്‍ മുഖ്യപങ്കുവഹിച്ച് ഇയാള്‍ സംഘര്‍ഷം ആരംഭിച്ചതോടെ ജഹാംഗീര്‍പുരിയില്‍നിന്നു മുങ്ങുകയായിരുന്നു. പിന്നീട് പശ്ചിമ ബംഗാളിലെ വിവിധ ഒളിയിടങ്ങളിലായിരുന്നു വാസം.
സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്കെതിരേ 2010 മുതല്‍ കവര്‍ച്ച, പിടിച്ചുപറി, കൊള്ള, ആയുധങ്ങള്‍ െകെവശംവയ്ക്കല്‍ അടക്കം ആറോളം കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ 16 ന് ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളാണു ജഹാംഗീര്‍പുരിയില്‍ വര്‍ഗീയസംഘര്‍ഷത്തിനു വഴിവച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടോളം പോലീസുകാര്‍ അടക്കം ഏതാനും പേര്‍ക്കു പരുക്കേറ്റിരുന്നു.