NEWS

ഒരിക്കലും നന്നാകാത്ത ആനവണ്ടിയും അതിന്റെ കുറെ പാപ്പാൻമാരും

ദേ….. ആ കിടക്കുന്ന  മൂന്ന് ചക്ര വാഹനം കണ്ടോ.(ചിത്രം ശ്രദ്ധിക്കൂ)
ഓട്ടോ റിക്ഷ.
തൊട്ടപ്പുറത്ത് കിടന്ന് നശിക്കുന്ന ഒരു ബസ്സിന്റെ ടയറിന്റെ വിലയേ അതിന് വരു…..
അതെ,   കേരളത്തിൽ  ലക്ഷകണക്കിന് മനുഷ്യർ ഈ മൂന്ന് ചക്ര വാഹനം ഓടിച്ച് കുടുംബം നോക്കുന്നു – വീട് വെയ്ക്കുന്നു കൂട്ടികളെ പഠിപ്പിക്കുന്നു , വിവാഹം ചെയ്തു കൊടുക്കുന്നു , പറ്റുമെങ്കിൽ മക്കളുടെ കൂട്ടികളുടെ കാര്യം കൂടി നോക്കുന്നു   ,  അന്തസായി ജീവിക്കുന്നു.മാത്രമല്ല വാഹനത്തിന്റെ വായ്പ തിരിച്ചടവ് ഇൻഷ്വറൻസ് ,മെയിന്റനൻസ്  ഇവ കൃത്യമായി കൊണ്ട് പോകുന്നു.
5700 ബസ്സ്  ഉണ്ടായിട്ടും  അതിൽ നിന്നും 210 കോടി വരെ വരുമാനമുണ്ടായിട്ടും കെഎസ്ആർടിസി  നഷ്ടത്തിലാണ്.  എന്ന് പറഞ്ഞാൽ …….. IAS / IPS കാരെ തലപ്പത്ത് നിന്നും മാറ്റി ……. ഏതെങ്കിലും പത്താം ക്ലാസുകാരനായ ഒരു
ഓട്ടോ ഡ്രൈവറെ ഏൽപ്പിച്ചാൽ  അവൻ ഇതിനെ പൊന്നുപോലെ നോക്കും എന്ന് പൊതുജനം പറയുന്ന  നാൾ വിദൂരമല്ല എന്ന്.
വരും തലമുറ കൂടി അനുഭവിക്കേണ്ട പൊതു മുതലാണ്, ഇത് സംരക്ഷിച്ചേ മതിയാവു.ഈ നശിപ്പിക്കലിന് ഇന്നല്ലങ്കിൽ നാളെ ഇത് ഭരിച്ചിരുന്നവർ  ഉത്തരം പറയേണ്ടിവരും. താല്കാലികമായി തൊഴിലാളികളെ പഴിചാരി രക്ഷപെടാമെന്നേയുള്ളൂ.അവരും മോശമല്ല.മാസം 20 ഡ്യൂട്ടി പോലും ചെയ്യാത്തവർ ഇപ്പോഴും ധാരാളമുണ്ട്. ഇതുവഴി 300തൊട്ട് 350 സര്‍‌വീസ് വരെ ദിവസവും മുടങ്ങുന്നുമുണ്ട്.പിന്നെ സ്വന്തം യൂണിയൻ പണിമുടക്കിലെ ഗ്ലാസ് തല്ലി പൊട്ടിക്കൽ, ആളുകൾ കൈ കാണിച്ചാൽ ആക്സിലേറ്ററിൽ കൂടുതൽ ശക്തിയോടെ കാലമർത്തുന്നവർ,ബസ് സ്റ്റോപ്പിലെ ആൾക്കൂട്ടത്തെ കണ്ട് ഡബിൾ ബെൽ അടിക്കുന്നവർ … അങ്ങനെ ഒരുപാടുണ്ട് അനങ്ങാനാവാത്തവിധം ആനയുടെ കാലിൽ ചങ്ങല ചുറ്റിയവർ.
ഒരു ഓട്ടോയിൽ മൂന്ന് അല്ലെങ്കിൽ നാലുപേരെ ഇരുത്തിക്കൊണ്ടു പോകുമ്പോൾ ബസിൽ അൻപത് പേരെ ഇരുത്തിക്കൊണ്ട് പോകാൻ സാധിക്കും.നിന്നു പോകുന്നവർ വേറെ. ബസിനടിക്കുന്ന ഡീസൽ തുക തന്നെയാണ് ഓട്ടോക്കാരോടും വാങ്ങുന്നത്.അല്ലാതെ ഓട്ടോ ചെറിയ വാഹനമായതുകൊണ്ട് അവർക്ക് ഇന്ധനവിലയിൽ പ്രത്യേക ഇളവൊന്നുമില്ല.ഓട്ടോയുടെ മെയിന്റനൻസ് ചിലവാണോ ബസിനെന്ന ചോദ്യം ഇവിടെ നിരോധിച്ചിരിക്കുന്നു.അങ്ങനെയെങ്കിൽ സ്വകാര്യ ബസുകളൊന്നും നിരത്തിൽ കാണുകയില്ലാരുന്നല്ലോ !!
എന്തായാലും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാൻ നെതർലൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലേക്ക് ഉടൻ യാത്ര തിരിക്കും.അടുത്തമാസം 11 മുതൽ 14 വരെയാണ് അദ്ദേഹത്തിന്റെ നെതർലൻഡ്സ് സന്ദർശനം.ചെലവിനായി ദിവസേന 100 ഡോളർ നൽകാനും പൊതുഭരണ വകുപ്പ് ഉത്തരവായിട്ടുണ്ട്.ഈ ഒരു ആവശ്യത്തിനായി ഇത്രയും ദൂരം പോകേണ്ട ആവശ്യം അദ്ദഹത്തിനുണ്ടായിരുന്നോ-ഇവിടുത്തെ ഏതെങ്കിലും പ്രൈവറ്റ് ബസിന്റെ കിളിയോട് ചോദിച്ചാൽ പോരായിരുന്നില്ലേ എന്ന ചോദ്യവും ഇവിടെ നിരോധിച്ചിരിക്കുന്നു.
വാൽക്കഷണം:തെക്കൻ ജില്ലയിലുള്ള ഒരു ഗതാഗത വകുപ്പ് മന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ നല്ല കളക്ഷനോടെ ഓടിക്കൊണ്ടിരുന്ന സർവമാന ദീർഘദൂര കെഎസ്ആർടിസി ബസുകൾക്കും മുന്നിൽ അദ്ദേഹത്തിന്റെ (ബിനാമി) ഉടമസ്ഥതയിലുള്ള സ്വകാര്യ ബസുകൾ ഓടാൻ തുടങ്ങി.ആദ്യം പഠിച്ചത് തറ പിന്നെങ്ങനെ നന്നാകും പറ.!!!

Back to top button
error: