പത്ത് വര്‍ഷത്തിനിടയിലെ വമ്പന്‍ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതുപ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഏതാണ്ട് 100 ദിവസത്തിനുള്ളില്‍ നെറ്റ്ഫ്‌ളിക്‌സിന് 2,00,000 വരിക്കാരുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരി വിപണിയിലും വലിയ തിരിച്ചടിയാണുണ്ടായത്. നെറ്റ്ഫ്‌ലിക്‌സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി.
റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയിലെ തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് തകര്‍ച്ചയുടെ ഒരു കാരണം എന്ന് നെറ്ഫ്‌ലിക്‌സ് വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്. ചൈനയില്‍ തുടങ്ങി ആറ് വര്‍ഷം മുന്‍പ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളര്‍ന്ന നെറ്റ്ഫ്‌ലിക്‌സിന് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്.
ആദ്യപാദത്തില്‍ 1.6 ബില്യണ്‍ ഡോളറിന്റെ അറ്റാദായം ആണ് നെറ്റ്ഫ്‌ലിക്‌സിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.7 ബില്യണ്‍ ഡോളറായിരുന്നു അറ്റാദായം. വരുമാന കണക്കുകള്‍ പുറത്തു വന്നതോട് കൂടി നെറ്റ്ഫ്‌ലിക്‌സ് ഓഹരികള്‍ 25 ശതമാനം ഇടിഞ്ഞ് 262 ഡോളറിലെത്തി.
ഏകദേശം 222 ദശലക്ഷം കുടുംബങ്ങള്‍ നെറ്ഫ്‌ലിക്‌സ് വരിക്കാരായി ഉണ്ടെങ്കിലും പത്ത് കോടി കുടുംബങ്ങള്‍ പണം നല്‍കാതെയാണ് നെറ്റ്ഫ്‌ലിക്സ് സേവനം ഉപയോഗിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പലരും കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും സബ്സ്‌ക്രിപ്ഷന്‍ പങ്കുവെക്കുന്നതും വളര്‍ച്ചയെ ബാധിക്കുന്നെന്ന് നെറ്റ്ഫ്‌ലിക്സ് വിലയിരുത്തുന്നു. ആപ്പിളും ഡിസ്‌നിയും പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുമായി കടുത്ത മത്സരമാണ് നെറ്റ്ഫ്‌ലിക്‌സ് നടത്തുന്നത്.