BusinessTRENDING

എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുത്ത് ഫ്‌ളിപ്കാര്‍ട്ട്

മുംബൈ: ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈനില്‍ വില്‍പന നടത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട്. രാജ്യത്തെ അതിവേഗം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡിജിറ്റല്‍ റീട്ടെയില്‍ വിപണിയുടെ ആവശ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമം ഫ്‌ളിപ്കാര്‍ട്ട് ഈ ഏറ്റെടുക്കലിലൂടെ തുടരും. ഏറ്റെടുക്കലിന് ശേഷവും എഎന്‍എസ് അവരുടെ നിലവിലുള്ള നേതൃത്വത്തിന് കീഴില്‍ ഒരു സ്വതന്ത്ര ബിസിനസ്സായി തുടരും.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ആഴമേറിയ അനുഭവങ്ങളും നല്‍കുന്നതിന് എംഎസ്എംഇകളും ചെറുകിട ബ്രാന്‍ഡുകളും ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്ക് ഇ-കൊമേഴ്സ് നല്‍കുന്ന സാധ്യതകള്‍ ഉറപ്പാക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് മേധാവിയുമായ രവി അയ്യര്‍ പറഞ്ഞു.

ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ബ്രാന്‍ഡുകളെ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തികൊണ്ട് സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നും എഎന്‍എസ് കൊമേഴ്സിന്റെ സഹസ്ഥാപകരായ വിഭോര്‍, അമിത്, നകുല്‍, സുശാന്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസുകള്‍, ഹെല്‍ത്ത് കെയര്‍ ബിസിനസ്സ്, ഫാഷന്‍ റീട്ടെയിലര്‍ മിന്ത്ര എന്നിവയുള്‍പ്പെടെയുള്ള വ്യത്യസ്ത ബിസിനസ്സുകളിലേക്ക് ഫ്‌ളിപ്കാര്‍ട്ട് അടുത്തിടെ 800 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

Back to top button
error: