BusinessTRENDING

എയർടെലിനെ പിന്തള്ളി ജിയോ, ഇനി മുന്നിൽ ബിഎസ്എൻഎൽ മാത്രം

മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ (Jio), ഭാരതി എയർടെലിനെ (Bharati airtel) മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. നെറ്റ്‌വർക് കേബിൾ വഴിയുള്ള ടെലിഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനത്തെയാണ് ഫിക്സഡ് ലൈൻ എന്ന് വിശേഷിപ്പിക്കുന്നത്.

റിലയൻസ് ജിയോ സബ്സ്ക്രൈബർമാരുടെ എണ്ണം 58.85 ലക്ഷമായി. എയർടെലിന് 57.66 ലക്ഷമാണ് സബ്സ്ക്രൈബർമാരുള്ളത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമുള്ളതാണിത്. ഫെബ്രുവരിയിൽ മാത്രം 2.44 ലക്ഷം പുതിയ ഉപഭോക്താക്കളെ ജിയോ തങ്ങൾക്കൊപ്പം ചേർത്തു. ഈ സമയത്ത് 91243 പുതിയ ഉപഭോക്താക്കളെ മാത്രമാണ് എയർടെലിന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്.

ജിയോക്ക് മുന്നിൽ ഇപ്പോഴുള്ളത് ബിഎസ്എൻഎൽ മാത്രമാണ്. 75.76 ലക്ഷമാണ് ബിഎസ്എൻഎൽ സബ്സ്ക്രൈബർമാർ. വിപണിയിൽ 49.5 ശതമാനം വിഹിതമാണ് ബിഎസ്എൻഎൽ-എംടിഎൻഎൽ കമ്പനികൾക്കായി ഉള്ളത്. എന്നാൽ ബിഎസ്എൻഎല്ലിന് 49074 ഉപഭോക്താക്കളെയും 21900 ഉപഭോക്താക്കളെ എംടിഎൻഎല്ലിനും ഫെബ്രുവരിയിൽ നഷ്ടമായി.

കഴിഞ്ഞ 2021 ജനുവരി മാസത്തിൽ ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം 34.64 ശതമാനമായിരുന്നു. ഇത് 2022 ഫെബ്രുവരിയിൽ 30.9 ശതമാനമായി ഇടിഞ്ഞു. എംടിഎൻഎല്ലിന്റെ വിപണി വിഹിതം 2021 ജനുവരിയിൽ 14.65 ശതമാനമായിരുന്നത് 11.05 ശതമാനമായി മാറി. എന്നാൽ റിലയൻസ് ജിയോയും ഭാരതി എയർടെലും നിരന്തരം ഉപഭോക്താക്കളെ ചേർത്ത് മുന്നേറുകയാണ്.

Back to top button
error: