പയ്യനാട് :തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് സന്തോഷ് ട്രോഫിയിൽ മേഘാലയക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ചാണ് സമനിലയുമായി തിരിച്ചു കയറിയത്.ഇതിനിടയിൽ കേരളം ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
ആദ്യം ലീഡെടുത്തത് കേരളമാണെങ്കിലും 40 ആം മിനുട്ടില്‍ മേഘാലയ ഗോള്‍ മടക്കി.വയനാട്ടുകാരനായ മുഹമ്മദ് സഫ്നാദാണ് ആദ്യ പകുതിയുടെ പതിനെട്ടാം മിനുട്ടില്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തിയത്. 55-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് മേഘാലയ ലീഡെടുത്തു. ഫിഗോ സിന്‍ഡായ് ആണ് മേഘാലയയെ മുന്നിലെത്തിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയായിരുന്നു ഫിഗോയുടെ ഗോള്‍. എന്നാല്‍ ലീഡെടുത്ത മേഘാലയയുടെ ആഘോഷമടങ്ങും മുൻപ് കേരളം സമനില പിടിച്ചു. 58-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു കേരളത്തിന്‍റെ സമനില ഗോള്‍. മുഹമ്മദ് സഹീഫ് ആണ് പന്ത് വലയിലേക്ക് തട്ടിയിട്ടത്.
അതേസമയം രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കേരളം പാഴാക്കി.കളിയുടെ 49-ാം മിനുട്ടില്‍ ജെസിനെ മേഘാലയ താരം ബോക്സില്‍ വീഴ്ത്തിയതിനാണ് കേരളത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.പക്ഷേ കിക്കെടുത്ത ക്യാപ്റ്റന്‍ ജിജോയ്ക്ക് പിഴച്ചു.പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.ഗ്യാലറി ഒന്നടങ്കം നിശബ്ദമായ നിമിഷം!