ഇടുക്കി: ജില്ലയില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുന്നതായി കണക്കുകള്‍. ചാരായം, വ്യാജ മദ്യം, കഞ്ചാവ് എന്നിവക്ക് പുറമേ എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാംപുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മാരക മയക്ക് മരുന്നുകളുമായി ബന്ധപ്പെട്ട കേസുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഇതില്‍ തന്നെ വിദ്യാര്‍ഥികളും യുവതികളും ഉള്‍പ്പെടുന്നുവെന്ന് എക്‌െസെസ് വകുപ്പധികൃതര്‍ പറയുന്നു. ലഹരി ഉപയോഗത്തിനും നിര്‍മാണത്തിനുമായി പ്രത്യേക കേന്ദ്രങ്ങള്‍ വരെ ജില്ലയില്‍ സജീവമായുണ്ട്. വാഹനങ്ങളിലുള്ള ലഹരിക്കടത്തും അടുത്ത കാലത്തായി വ്യാപകമായിട്ടുണ്ട്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് എക്‌െസെസ് സംഘത്തിന്റെ നേതൃത്വത്തില്‍ പിടികൂടുന്ന കേസുകളുടേയും അറസ്റ്റിലാകുന്ന പ്രതികളുടേയും എണ്ണത്തിലും വന്‍ വര്‍ധനയാണുള്ളത്.
-
- മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 17 വരെ ജില്ലയില്‍ എക്‌െസെസ് നടത്തിയ പരിശോധനകളില്‍ പിടികൂടിയത്: കോട – 1,340 ലിറ്റര്‍, സ്പിരിറ്റ് – 280 ലിറ്റര്‍, വ്യാജമദ്യം – 39.5 ലിറ്റര്‍, ചാരായം – 17 ലിറ്റര്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം – 435 ലിറ്റര്‍, കഞ്ചാവ് -11 കിലോ, കഞ്ചാവ് ചെടി – 9 എണ്ണം, എംഡിഎംഎ – 1.5ഗ്രാം, ചരസ് – 4 ഗ്രാം, ഹഷീഷ് ഓയില്‍ -12 ഗ്രാം
ഒന്നര മാസത്തിനിടെ ജില്ലയില്‍ എക്‌െസെസ് രജിസ്റ്റര്‍ ചെയ്തത് 113 അബ്കാരി കേസുകളും 61 എന്‍.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകളുമാണ്. ഇക്കാലയളവില്‍ അബ്കാരി കേസുകളില്‍ 104 പേരെയും എന്‍.ഡി.പി.എസ് കേസുകളില്‍ 66 പേരെയും അറസ്റ്റ് ചെയ്തു. വിഷു – ഈസ്റ്റര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എക്‌െസെസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌െസെസ് കമ്മിഷണര്‍ വി.എ. സലിം പറഞ്ഞു. രണ്ടാഴ്ച മുന്‍പ് എഴുകുംവയലില്‍ ചായക്കടയുടെ മറവില്‍ വ്യാജമദ്യ നിര്‍മാണം നടത്തി വന്നിരുന്ന രണ്ട് പേരെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയിരുന്നു. റെയ്ഡില്‍ സ്പിരിറ്റും വ്യാജമദ്യവും പിടിച്ചെടുത്തു. എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളും ഇക്കാലയളവില്‍ ജില്ലയില്‍ എക്‌െസെസ് പിടികൂടിയിട്ടുണ്ട്.
കഞ്ചാവും ഹഷിഷ് ഓയിലും കടന്ന് ഇപ്പോള്‍ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതായി എക്‌െസെസ് വകുപ്പ് അധികൃതര്‍ പറയുന്നു. ഒരു ഗ്രാമിനു 4,000 രൂപ വരെ നല്‍കിയാണ് ഇവ വാങ്ങുന്നതെന്നാണ് പിടിയിലാകുന്നവര്‍ നല്‍കുന്ന വിവരം. ഇതിന് പുറമേ എല്‍.എസ്.ഡി സ്റ്റാംപുകളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. ബാംഗളൂരുവില്‍ നിന്നാണ് ഇത്തരം ലഹരി മരുന്നുകള്‍ ജില്ലയിലേക്ക് എത്തിക്കുന്നതെന്നാണ് എക്‌െസെസിന്റെ കണ്ടെത്തല്‍. വിനോദസഞ്ചാരികളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പുതു തലമുറ ലഹരി സംഘങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെയുള്ള കഞ്ചാവ് കടത്തും വില്‍പനയും ജില്ലയില്‍ ഇപ്പോഴും തുടരുകയാണ്. നിരോധിത പുകയില ഉല്‍പന്നങ്ങളും പലയിടങ്ങളിലും സുലഭമാണ്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും ലഹരിക്കടത്തും ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്.
ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണ്. ഇത്തരം സംഘങ്ങളില്‍ യുവതികളും വിദ്യാര്‍ഥികളും വരെയുണ്ടെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കാനായി പോയവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറയുന്നു. ലഹരിക്കൊപ്പം കൂടുതല്‍ പണവും ലഭിക്കുമെന്നതാണ് യുവാക്കളെ പ്രധാനമായും ഇതിലേക്കു ആകര്‍ഷിക്കുന്നത്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് എക്‌െസെസിന്റെ തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.